കുവൈത്തിൽനിന്നു തിരിച്ചുപോരാൻ അനുമതിയും സഹായവും നൽകും
Sunday, November 27, 2016 10:38 AM IST
കുവൈത്തിൽ അനധികൃതമായി താമസിക്കുന്നവർക്കു നാട്ടിലേക്കു തിരിച്ചു പോകാൻ അനുമതിയും സഹായവും നൽകുമെന്ന് കുവൈത്ത് റസിഡൻസി വകുപ്പു തലവനും ജനറൽ മാനേജരുമായ തലാൽ ടി. മറാഫി. എന്നാൽ പൊതുമാപ്പ് പ്രഖ്യാപിക്കില്ല. നഴ്സുമാർ, വീട്ടുജോലിക്കാർ തുടങ്ങിയവർക്ക് അവരുടെ പാസ്പോർട്ടുകൾ സ്വന്തമായി സൂക്ഷിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. എണ്ണ വിലയിടിവിന്റെ പേരിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കുവൈത്തിൽ ഇന്ത്യക്കാർക്കു പഴയതുപോലെ തൊഴിലവസരങ്ങൾ ഉണ്ടെന്നും മേജർ ജനറൽ ദീപികയോടു പറഞ്ഞു. കുവൈത്തിൽ 23,951 ഇന്ത്യക്കാർ പല കാരണങ്ങളാൽ അനധികൃത താമസക്കാരായുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, ഫലത്തിൽ അനധികൃത താമസക്കാരുടെ എണ്ണം ഇതിലും കൂടുതലുണ്ടാകും. ഇവരിൽ പലരും അവരുടേതായ കുറ്റം കൊണ്ടല്ല അനധികൃതരുടെ പട്ടികയിൽ വരുന്നതെന്ന് കുവൈത്ത് സർക്കാരിനറിയാം. സ്പോൺസർമാരും ഏജന്റുമാരും വരുത്തുന്ന പിഴവുകളുടെയും തട്ടിപ്പുകളുടെയും ഇരകളാണു പലരും. ഇത്തരക്കാർക്കു നാട്ടിലേക്കു തിരിച്ചുപോകാൻ വേണ്ട അനുമതിയും സഹായവും ചെയ്യും. കേസുകൾ ഉള്ളവർക്ക് ഈ ആനുകൂല്യം കിട്ടില്ല.

സ്വന്തം പേരിൽ കേസില്ലാത്തവർക്കെല്ലാം പിഴ അടച്ചാൽ നാട്ടിൽ പോകാനാകും. ഇവർക്കു വേണമെങ്കിൽ കുവൈത്തിൽ തിരിച്ചെത്തി ജോലി ചെയ്യുന്നതിനുള്ള അനുമതിയും സ്‌ഥിരതാമസത്തിനുള്ള റസിഡൻസിയും ലഭിക്കും. നിസാര കുറ്റങ്ങൾക്കു ജയിലിൽ കഴിയുന്നവർക്കും പിഴയൊടുക്കിയാൽ നാട്ടിൽ പോകാൻ സൗകര്യം ചെയ്യും. എന്നാൽ പിഴ ഒടുക്കാത്തവർക്കും അതിനു കഴിവില്ലാത്തവർക്കു നാട്ടിലേക്കു പോകാമെങ്കിലും തിരികെവരാൻ അനുമതി നിഷേധിക്കും. നിയമലംഘകരായിട്ടുള്ളവർക്ക് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചകളും ലഭിക്കില്ല. ഗൗരവമുള്ള കേസിൽ പ്രതികളായിട്ടുള്ളവർക്കു കുവൈത്ത് നിയമപ്രകാരമുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂവെന്നും മേജർ ജനറൽ തലാൽ മറാഫി വിശദീകരിച്ചു.

മൊത്തം 9.82 ലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ ഉണ്ടെന്നാണു കണക്ക്. ഇവരിൽ മൂന്നു ലക്ഷത്തോളം പേർ വീട്ടുജോലിക്കാരാണ്. 2016 ജൂലൈ 23നു ശേഷം വീട്ടുജോലിക്കാർക്കു വീസ നൽകുന്നതു കുവൈത്ത് സർക്കാർ നിർത്തലാക്കിയതായി മേജർ ജനറൽ അറിയിച്ചു. ആകെയുള്ള 2,79,000 ഇന്ത്യൻ വീട്ടുജോലിക്കാരിൽ 1,200 പേർ അനധികൃത പട്ടികയിലുണ്ട്. ഇവരിൽ 18 പേർക്കു നാട്ടിലേക്കു മടങ്ങാനുള്ള അനുമതി ഉടൻ നൽകും. മറ്റുള്ളവരുടെ കാര്യത്തിലും മാനുഷിക പരിഗണന വച്ചു സഹായം ചെയ്യാനാണു ശ്രമം.

സ്പോൺസർമാർ അവരുടെ ജോലിക്കാർക്കു ശമ്പളം കൃത്യമായി നൽകുന്നുവെന്ന് ഉറപ്പു വരുത്തുമെന്ന് തലാൽ മറാഫി വിശദീകരിച്ചു. ശമ്പളം നൽകിയതിന്റെ കൃത്യമായ രേഖയില്ലെങ്കിൽ സ്പോൺസർമാർ വീണ്ടും ശമ്പളം നൽകേണ്ടി വരും. ശമ്പളം നൽകിയതിന്റെ രേഖാമൂലമുള്ള തെളിവ് സ്പോൺസർ ഹാജരാക്കണമെന്നതാണ് വ്യവസ്‌ഥ. ഏതെങ്കിലും സ്പോൺസർ ശമ്പളം മുഴുവൻ നൽകിയില്ലെങ്കിൽ തൊഴിൽ അഥോറിറ്റിയിലോ, പോലീസിലോ പരാതിപ്പെടാം. സംസാരിച്ചു പ്രശ്നം പരിഹരിക്കാൻ ആദ്യം ശ്രമിക്കും. വഴങ്ങാത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇത്തരം കേസുകളിൽ സൗജന്യ നിയമസഹായവും നൽകും. വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള അനധികൃത താമസക്കാരുടെ കാര്യത്തിൽ പരാമവധി ഒരു മാസത്തിനകം ജഡ്ജിമാർ നടപടികൾ പൂർത്തിയാക്കും. ഒരു മാസത്തിൽ കൂടുതൽ നടപടികൾ നീളില്ല. തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർ കുവൈത്ത് തൊഴിൽ അഥോറിറ്റിയെയോ, ഇന്ത്യൻ എംബസിയെയോ വിവരം അറിയിച്ചാൽ സഹായം നൽകും. ആവശ്യക്കാർക്കു സൗജന്യ നിയമസഹായവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി വക്കീലന്മാരുടെ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ബ്ലാക് ലിസ്റ്റിൽ പെട്ടവർക്കു അവരുടെ കേസ് തീർത്താൽ പട്ടികയിൽ നിന്നൊഴിവാക്കും. വീട്ടുജോലിക്കാരും നഴ്സുമാരും അടക്കമുള്ള ഇന്ത്യൻ ജോലിക്കാർക്ക് അവരുടെ പാസ്പോർട്ട് സ്വന്തം കൈവശം സൂക്ഷിക്കാൻ നിയമപരമായ അവകാശമുണ്ട്. തൊഴിൽ കരാറിൽ പാസ്പോർട്ട് സംബന്ധിച്ച പ്രത്യേക വ്യവസ്‌ഥയില്ലാത്തവർക്കാണിത്. എന്നാൽ, വിദേശ ജോലിക്കാർക്കു അവരുടെ പാസ്പോർട്ട് സ്വയം സൂക്ഷിക്കാൻ പാർലമെന്റ് 2015ൽ പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്.

പലതരത്തിലുള്ള ക്രമക്കേടുകളിലും കേസുകളിലുംപെട്ട് ഒളിച്ചുതാമസിക്കുന്നവർ കുവൈത്തിലുണ്ട്. സ്പോൺസറുടെ അനുമതിയില്ലാതെ കൂടുതൽ ശമ്പളത്തിനായി പുതിയ ജോലിയിൽ കയറുന്നവർക്കെതിരേ സ്പോൺസർ പരാതി നൽകുന്നതാണു പലതിലും പ്രശ്നമെന്നു മേജർ ജനറൽ തലാൽ മറാഫി പറഞ്ഞു.

കുവൈത്തിൽനിന്ന് ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.