പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി ഗ്രെഗ് അന്തരിച്ചു
സിഡ്നി: ക്രിക്കറ്റ് കമന്ററി ഒരു കലയാണെങ്കില്‍ ഇന്നുമുതല്‍, ഒരു വലിയ കലാകാരന്റെ നഷ്ടമുണ്ടാക്കുന്ന വിടവ് അവശേഷിപ്പിച്ചായിരിക്കും അതു മുന്നോട്ട് പോകുക. അതെ, ലോകപ്രശസ്തനായ ക്രിക്കറ്റ് കമന്റേറ്ററും കളിക്കാരനുമായ ടോണി ഗ്രെഗ്(66) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന ടോണി ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. 1946ല്‍ ദക്ഷിണാഫ്രിക്കയിലെ ക്വീന്‍സ് ടൌണില്‍ ജനിച്ച ആന്റണി വില്യം ഗ്രെഗ് എന്ന ടോണി ഗ്രെഗ് 1972ല്‍ ഇംഗ്ളണ്ടിനുവേണ്ടി ഓസീസിനെതിരേ ക്രിക്കറ്റില്‍ അരങ്ങേറി.

ഒക്ടോബറില്‍ ശ്രീലങ്കയില്‍ നടന്ന ട്വന്റി-20 ലോകകപ്പിനിടയിലാണു വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് അദ്ദേഹത്തെ പിടികൂടുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ അദ്ദേഹത്തിന് ശ്വാസകോശ കാന്‍സറാണെന്ന സത്യം ലോകമറിഞ്ഞു. ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ബ്രിസ്ബെയ്നില്‍ നടന്ന ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ കമന്റേറ്ററായിരുന്ന അദ്ദേഹത്തിന് അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ജോലി പകുതിയാക്കി മടങ്ങേണ്ടിവന്നു.

മികച്ച ഒരു ക്രിക്കറ്റ് താരംകൂടിയാണ് ടോണി. 58 ടെസ്റില്‍ ഇംഗ്ളണ്ടിനെ പ്രതിനിധീകരിച്ചു. എട്ടു സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയുമടക്കം 3599 റണ്‍സ് നേടി. 22 ഏകദിനം കളിച്ച ടോണിക്ക് 269 റണ്‍സുണ്ട്. ടെസ്റ്റില്‍ 141 വിക്കറ്റും ഏകദിനത്തില്‍ 19 വിക്കറ്റും ടോണിക്കുണ്ട്.

ഒരു മികച്ച ഓള്‍റൌണ്ടറായിരുന്ന ടോണി ജന്മം കൊണ്ട് ദക്ഷിണാഫ്രിക്കക്കാരനായിരുന്നുവെങ്കിലും മികവുകൊണ്ട് ഇംഗ്ളണ്ടിന്റെ നായകസ്ഥാനത്തു വരെ എത്താന്‍ കഴിഞ്ഞ പ്രതിഭാധനനായിരുന്നു. 1976-77 സീസണിലായിരുന്നു ടോണി ഇംഗ്ളണ്ടിന്റെ നായകനായത്. അന്ന് ഇന്ത്യന്‍ പര്യടനം നടത്തിയ ഇംഗ്ളീഷ് ടീമിന്റെ നായകനായി ടോണി ശ്രദ്ധേയനായി. ക്രിക്കറ്റ് എന്ന കായിക ഇനത്തിന്റെ ജാതകംതന്നെ തിരുത്തിക്കുറിച്ച, കെറി പാക്കറുടെ ലോക സീരീസ് വിപ്ളവത്തിനു പിന്തുണ പ്രഖ്യാപിച്ച ടോണി ഗ്രെഗ് അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും പിന്നീട് അതിനേറെ പിന്തുണ ലഭിച്ചു.

ഓസ്ട്രേലിയയില്‍ അരങ്ങേറിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ചുക്കാന്‍ പിടിച്ചവരില്‍ മുഖ്യനായിരുന്നു ഈ ആറടി ആറിഞ്ചുകാരന്‍. തുടര്‍ന്ന് ഓസ്ട്രേലിയക്കാരുടെ പ്രീതി പിടിച്ചുപറ്റിയ ടോണി അവിടം കര്‍മഭൂമിയാക്കി. ചാനല്‍ 9-ന്റെ കമന്റേറ്ററായി ലോകം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹത്തിന് എവിടെ ചെന്നാലും ഒട്ടേറെ ആരാധകരുണ്ടായിരുന്നു. ഇന്ത്യയോടും വിശിഷ്യ സച്ചിന്‍ തെണ്ടുല്‍ക്കറോടും പ്രത്യേക മമതയുണ്ടായിരുന്നു എന്ന വസ്തുത ഇന്ത്യക്കാര്‍ ഒരിക്കലും മറക്കില്ല. 1998ല്‍ ഷാര്‍ജയില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇന്ത്യ എന്നിവര്‍ പങ്കെടുത്ത ത്രിരാഷ്്ട്ര ഏകദിന പരമ്പരയില്‍ സച്ചിന്‍ നേടിയ അത്യുജ്വല സെഞ്ചുറികള്‍പോലെതന്നെ ടോണിയുടെ ആവേശോജ്വലമായ കമന്ററിയും ഓര്‍മിക്കപ്പെടും. അത്രയ്ക്കും രസകരവും ആവേശം ജനിപ്പിക്കുന്നതുമായിരുന്നു ടോണിയുടെ വാക്വിലാസം. എന്നാല്‍, ബിസിസിഐയുടെ നിലപാടുകളോട് ടോണിക്ക് എതിര്‍പ്പായിരുന്നു. പ്രത്യേകിച്ചും അമ്പയര്‍മാരുടെ ഡിസിഷന്‍ റിവ്യൂ സിസ്റത്തില്‍ ബിസിസിഐയുടെ പ്രതികൂല നിലപാടിനെതിരേ.


ടോണിയുടെ സവിശേഷ ശൈലിക്കും ശബ്ദത്തിനും പകരക്കാരുണ്ടാകുമെന്ന് കരുതാന്‍ വയ്യ. 66-ാമത്തെ വയസില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ അദ്ദേഹത്തിന് ഇനിയുമേറെ ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു ആരാധകര്‍ക്ക്്്.

ടോണിക്ക് ക്രിക്കറ്റ് തന്നെയായിരുന്നു ജീവിതം. വാക്കിലും, നോക്കിലും രീതികളിലും ഒരു തികഞ്ഞ മാന്യനായിരുന്ന അദ്ദേഹത്തിന്റെ ആകസ്മികമരണം ക്രിക്കറ്റ് ലോകത്തെയാകെ ദു:ഖത്തിലാഴ്ത്തി. അര്‍ബുദത്തിന്റെ പിടിയിലായില്‍നിന്നു മുക്തി നേടി പൂര്‍വാധികം ശക്തനായി കമന്ററി ലോകത്തേക്ക് മടങ്ങിയെത്തിയ തന്റെ നാട്ടുകാരനായ ജെഫ്രി ബോയ്ക്കോട്ടിനെപ്പോലെ ടോണിയും മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ ഇനി ആ ശബ്ദത്തിന്റെ അകമ്പടിയില്ലാതെ വേണം ഇനിയുളള മല്‍സരങ്ങള്‍ കാണാന്‍.

കളി തുടങ്ങുംമുമ്പേതന്നെ നമ്മെ ടെലിവിഷനിലേക്കു —വലിച്ചടുപ്പിക്കുന്ന ആ മാന്ത്രികശബ്ദം ഈ ലോകത്ത് ഇനിയില്ല. പ്രിയ ടോണി , അവസാന ഓവറിലെ അവസാനപന്തും തീരും വരെ ക്രിക്കറ്റ് ലോകം ഓര്‍ത്തിടും നിങ്ങളെ..