ടിക്കറ്റില്ല; എന്നാല്‍, കാണികളുണ്േടാ? അതുമില്ല
ടിക്കറ്റില്ല; എന്നാല്‍, കാണികളുണ്േടാ? അതുമില്ല
Wednesday, September 24, 2014 11:28 PM IST
ഇഞ്ചിയോണ്‍: കൊറിയയില്‍ ഇപ്പോള്‍ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിലൊന്നു ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളുടെ ടിക്കറ്റ് വാങ്ങുകയെന്നതാണത്രെ. എത്ര അന്വേഷിച്ചാലും ടിക്കറ്റ് കിട്ടാനില്ലെന്നാണ് ചൈനയില്‍ നിന്നും ജപ്പാനില്‍നിന്നുമുള്ള അസൂയക്കാര്‍ പറഞ്ഞു നടക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്തിനിങ്ങനെ പരാതിപ്പെടുന്നു എന്നാണ് സംഘാടകരുടെ മറുചോദ്യം. കേള്‍ക്കുന്നവനും തോന്നും ഈ അയല്‍ക്കാരെന്തിനിങ്ങനെ വെറുതെ പരാതി പറയുന്നതെന്ന്.

സംഭവം സത്യമാണ;് പലയിടത്തും ടിക്കറ്റ് കിട്ടാക്കനിയാണ്. ടിക്കറ്റ് മുഴുവന്‍ വിറ്റുപോയെന്നാണ് സംഘാടകരുടെ അവകാശവാദം. വേദികളില്‍ പലതിലും പക്ഷേ മത്സരാര്‍ഥികളും വോളണ്ടിയേഴ്സും മാത്രമാണ്. കഴിഞ്ഞദിവസം വുഷു മത്സരങ്ങള്‍ നടന്നത് വെ റും 132 കാണികള്‍ക്കു മുന്നിലാണ്. 1300ലധികം സീറ്റുകളുള്ള വേദിയിലെ ടിക്കറ്റെല്ലാം തീര്‍ന്നുവെന്നാണ് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടിയെന്നു ഒരു ഇംഗ്ളീഷ് കായിക പ്രേമി പറയുന്നു. അതിനിടെ മറ്റൊരു കണ്ടുപിടിത്തം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഗാലറികളിലുള്ള കാണികളിലേറെയും വൃദ്ധന്മാരും സ്ത്രീകളുമാണെന്നാണ് മഹത്തായ കണ്െടത്തല്‍. ഗെയിംസില്‍ ജനപങ്കാളിത്തല്ലെന്ന പേരുദോഷം ഒഴിവാക്കാന്‍ സംഘാടകര്‍ നഗരത്തിലെ വൃദ്ധസദനങ്ങള്‍ കയറിയിറങ്ങുകയാണെന്നും ചൈനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നു.


കഴിഞ്ഞദിവസം തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഒരുകൂട്ടം ആരാധകര്‍ തങ്ങളുടെ ഫുട്ബോള്‍ ടീമിന്റെ മത്സരം കാണാന്‍ ടിക്കറ്റ് ചോദിച്ചു. എന്നാല്‍, ടിക്കറ്റ് ഇല്ലെന്ന മറുപടിയായിരുന്നു ഇവര്‍ക്കു കിട്ടിയത്. മത്സരം നടന്നതാകട്ടെ ശൂന്യമായ ഗാലറിക്കു മുന്നിലും. ടിക്കറ്റ് ക്ഷാമത്തെക്കുറിച്ചു ചോദിച്ചാല്‍ സംഘാടകര്‍ കൈമലര്‍ത്തുന്നു. ടിക്കറ്റെല്ലാം മുറയ്ക്കു വിറ്റുപേയെന്നാണ് കണക്കുസഹിതം അവര്‍ അവകാശപ്പെടുന്നത്. എങ്കില്‍ പിന്നെ ടിക്കറ്റ് വാങ്ങിയവര്‍ പുറത്തുകൂടി കറങ്ങിനടക്കുകയാണോയെന്നു വിമര്‍ശകര്‍ ചോദിക്കുന്നു.

മൂന്നു രീതിയിലാണ് ടിക്കറ്റ് വില്പന. നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെയും വേദിയിലെയും കൌണ്ടറിലൂടെയാണ് പ്രധാനമായും വില്പന. വിദേശീയര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാന്‍ സൌകര്യമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുകയെന്നത് വലിയ കടമ്പയാണെന്ന് ആരാധകര്‍ പറയുന്നു. സൈറ്റ് പലപ്പോഴും ഹാങ് ആകുന്നതാണ് ഇതിനു കാരണം. അതേസമയം, സമാപനച്ചടങ്ങിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.