ധോണിക്കൂട്ടം ക്വാര്‍ട്ടറില്‍
ധോണിക്കൂട്ടം ക്വാര്‍ട്ടറില്‍
Sunday, March 1, 2015 10:48 PM IST
പെര്‍ത്ത്: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ധോണിക്കൂട്ടം ക്വാര്‍ട്ടറില്‍. ആര്‍. അശ്വിനും രോഹിത് ശര്‍മയും നിറഞ്ഞുനിന്ന ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മത്സരത്തില്‍ ദുര്‍ബലരായ യുഎഇക്കെതിരേ ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ യുഎഇ ഉയര്‍ത്തിയ 103 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയും (57), വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (33) മികച്ച പ്രകടനത്തോടെ പുറത്താകാതെ നിന്നു. 14 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. സ്കോര്‍: യുഎഇ -31.3 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്ത്. ഇന്ത്യ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104. കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ (10 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ്) ആര്‍. അശ്വിനാണ് കളിയിലെ കേമന്‍. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ലോകകപ്പ് മത്സരമാണ് ഇന്നലെ നടന്നത്.

ടോസ് നേടിയ യുഎഇ ബാറ്റിംഗ്് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരപരിചയം കുറഞ്ഞ യുഎഇ ബാറ്റ്സ്മാന്‍മാര്‍ പരിചയ സമ്പന്നരായ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഖുറാം ഖാന്‍(14), ഷയ്മന്‍ അന്‍വര്‍(35), ഗുരൂജ്(10) എന്നിവര്‍ക്കു മാത്രമേ യുഎഇ നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ. മലയാളിയായ കൃഷ്ണചന്ദ്രനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 27 പന്തില്‍ നാലു റണ്‍സ് മാത്രമാണ് കൃഷ്ണചന്ദ്രനു നേടാനായത്. ഒരവസരത്തില്‍പ്പോലും ഇന്ത്യന്‍ ബൌളര്‍മാരെ ഫലപ്രദമായി നേരിടാന്‍ യുഇഇ ബാറ്റ്സ്മാന്മാര്‍ക്കായില്ല.

അവസാന വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷയ്മാന്‍ അന്‍വര്‍-ഗുരൂജ് സഖ്യമാണ് യുഎഇ സ്കോര്‍ 100 കടത്തിയത്. മത്സരത്തില്‍ യുഎഇയുടെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെയാണ്. 13 റണ്‍സ് എക്സ്ട്രാ ഇനത്തില്‍ വിട്ടുകൊടുത്ത ഇന്ത്യന്‍ യുഎഇയുടെ മൂന്നാം ടോപ് സ്കോറര്‍. നാലു വിക്കറ്റ് വീഴ്ത്തിയ അശ്വിനു പുറമേ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. മോഹിത് ശര്‍മയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

103 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ യാതൊരു തിടുക്കവും കാട്ടാതെയാണു കളിച്ചത്. മികച്ച സ്ട്രോക് പ്ളെയിലൂടെ മോശം പന്തുകളെ നേരിട്ട ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മുന്നേറി. സ്കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് ഉള്ളപ്പോള്‍ ശിഖര്‍ ധവാന്‍ മടങ്ങി. മുഹമ്മദ് നവീദിന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രോഹന്‍ മുസ്തഫയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ശിഖര്‍ ധവാന്റെ മടക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചുറി നേടിയ താരമാണ് ശിഖര്‍ ധവാന്‍. 17 പന്തില്‍ മൂന്നു ബൌണ്ടറിയടക്കം 14 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. ധവാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലി മികച്ച പിന്തുണയാണ് രോഹിതിനു നല്‍കിയത്. ക്രിക്കറ്റിലെ കുഞ്ഞന്മാരാണ് യുഎഇ എന്ന് ഒരിക്കല്‍പ്പോലും മനസില്‍ തോന്നാതെ എല്ലാ ബഹുമാനവും കൊടുത്തായിരുന്നു കോഹ്്ലിയും രോഹിതും ബാറ്റ് ചെയ്തത്. പതിയെ നിലയുറപ്പിച്ച കോഹ്ലിയും രോഹിതും ചേര്‍ന്ന് കേടുപാടുകളുണ്ടാക്കാതെ ഇന്ത്യയെ 19-ാം ഓവറില്‍ വിജയത്തിലേക്കു നയിച്ചു. ഇന്ത്യ വിജയിക്കുമ്പോള്‍ അപരാജിതമായ ഇവരുടെ കൂട്ടുകെട്ടില്‍, രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 55 പന്തുകളില്‍ പത്തു ബൌണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. 41 പന്തില്‍ അഞ്ചു ബൌണ്ടറികളോടെ കോഹ്്ലി 33 റണ്‍സെടുത്തു. ലോകകപ്പില്‍ രോഹിതിന്റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍നിന്ന് ഒരു വ്യത്യാസം മാത്രമാണ് നായകന്‍ ധോണി വരുത്തിയത്. പരിക്കേറ്റ മുഹമ്മദ് ഷാമിക്കു പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തി. ആദ്യ മത്സരത്തില്‍ത്തന്നെ ഒരു വിക്കറ്റ് നേടാനും ഭുവനേശ്വര്‍ കുമാറിനായി.


സ്കോര്‍ബോര്‍ഡ് / യുഎഇ ബാറ്റിംഗ്

അജ്മദ് അലി സി ധോണി ബി ഭുവനേശ്വര്‍ കുമാര്‍ 4, ബെറെംഗര്‍ സി ധോണി ബി യാദവ് 4, കൃഷ്ണചന്ദ്രന്‍ സി റെയ്ന ബി അശ്വിന്‍ 4, ഖുറം ഖാന്‍ സി റെയ്ന ബി അശ്വിന്‍ 14, സ്വപ്നില്‍ പാട്ടീല്‍ സി ധവാന്‍ ബി അശ്വിന്‍ 7, ഷൈമാന്‍ അന്‍വര്‍ ബി യാദവ് 35, രോഹന്‍ മുസ്തഫ എല്‍ബിഡബ്ള്യു ബി മോഹിത് ശര്‍മ 2, അജ്മദ് ജാവേദ് സി റെയ്ന ബി ജഡേജ 2, മുഹമ്മദ് നവീദ് ബി അശ്വിന്‍ 6, മുഹമ്മദ് താഖ്വിര്‍ ബി ജഡേജ 1, ഗരൂജ് നോട്ടൌട്ട് 10, എക്സ്ട്രാസ് 13.

ആകെ 31.3 ഓവറില്‍ 102നു പുറത്ത്

ബൌളിംഗ്

ഭുവനേശ്വര്‍ കുമാര്‍ 5-0-19-1, ഉമേഷ് യാദവ് 6.3-2-15-2, ആര്‍. അശ്വിന്‍ 10-1-25-4, മോഹിത് ശര്‍മ 5-1-16-1, ജഡേജ 5-0-23-2

ഇന്ത്യ ബാറ്റിംഗ്

രോഹിത് ശര്‍മ നോട്ടൌട്ട് 57, ശിഖര്‍ ധവാന്‍ സി രോഹന്‍ മുസ്തഫ ബി മുഹമ്മദ് നവീദ് 14, വിരാട് കോഹ്ലി നോട്ടൌട്ട് 33, എക്സ്ട്രാസ് 0.

ആകെ 18.5 ഓവറില്‍ ഒന്നിന് 104.

ബൌളിംഗ്

മുഹമ്മദ് നവീദ് 5-0-35-1, ഗുരുജ് 6-1-19-0, അജ്മല്‍ ജാവേദ് 2-0-12-0, കൃഷണചന്ദ്രന്‍ 3-0-17-0, മുഹമ്മദ് താഖ്വിര്‍ 2.5-0-21-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.