ലോക ചെസ്: ‘കരു’ത്തൻ കാൾസൻ
ലോക ചെസ്: ‘കരു’ത്തൻ കാൾസൻ
Thursday, December 1, 2016 1:45 PM IST
കോട്ടയം: ലോകചെസിലെ ബുദ്ധിരാക്ഷസൻ കാൾസൻ തന്നെ. കരുക്കളുടെ കരുത്തിൽ തന്നെ തോൽപ്പിക്കാൻ കര്യാക്കിനുമാവില്ലെന്ന് കാൾസൻ ലോകത്തോടു വിളിച്ചുപറഞ്ഞു. ലോക ചെസ് ചാമ്പ്യൻ നോർവെയുടെ മാഗ്നസ് കാൾസൻ. ന്യൂയോർക്കിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ടൈബ്രേക് വിഭാഗത്തിലെ നാലു റാപിഡ് ഗെയിമുകളിൽ രണ്ടെണ്ണം സമനില വഴങ്ങുകയും രണ്ടെണ്ണത്തിൽ ജയിക്കുകയും ചെയ്താണ് ഗ്രാൻഡ് മാസ്റ്റർ കാൾസൻ ലോകകിരീടം നിലനിർത്തിയത്. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആദ്യ ഭാഗമായ 12 ക്ലാസിക്കൽ ഗെയിമുകളിൽ ചലഞ്ചർ സെർജി കര്യാക്കിനും കാൾസനും 6–6 എന്ന പോയിന്റിൽ തുല്യനിലയിലായിരുന്നതിനാലാണ് മത്സരത്തിന്റെ രണ്ടാം ഭാഗമായ റാപിഡ് ഗെയിമുകൾ കളിക്കേണ്ടതായി വന്നത്. നാലു ഗെയിമുകളാണ് ഇതിലുള്ളത്. കാൾസന്റെ 26–ാം ജന്മദിനത്തിലെ ഈ വിജയം തുടർച്ചയായ മൂന്നാമത്തെ ലോക ചാമ്പ്യൻപട്ടമാണ് അദ്ദേഹത്തിനു നേടികൊടുത്തത്.

ടൈബ്രേക്കിലെ ആദ്യ റാപിഡ് ഗെയിമിൽ വെള്ളക്കരുക്കളിൽ റൂയി ലോപ്പസ് ഓപ്പണിംഗിൽ കളിച്ച കര്യാക്കിനെതിരേ 37 നീക്കങ്ങൾ കൊണ്ട് കാൾസൻ സമനില നേടി.

രണ്ടാം ഗെയിമിൽ കാൾസൻ, ഗി യുക്കോ പിയാനോ എന്ന പേരിൽ അറിയപ്പെടുന്ന ഓപ്പണിംഗാണ് കളിച്ചത്. ഒരു റൂക്കിനു പകരം രണ്ടു ബിഷപ്പുകളെ നേടി മുൻതൂക്കം കൈവരിച്ച കാൾസനെതിരെ കര്യാക്കിൻ തന്ത്രപരമായി കളിച്ച് 84ാം നീക്കത്തിൽ സ്റ്റെയിൽമേറ്റാക്കി സമനില നേടി. മൂന്നാം ഗെയിമിൽ വൈറ്റെടുത്ത് റൂയിലോപ്പസിൽ കളിച്ച കര്യാക്കിനെതിരെ മിഡിൽ ഗെയിമിൽ കാൾസൻ മുൻതൂക്കം നേടി. 38–ാം നീക്കത്തിൽ കര്യാക്കിൻ കളിച്ച ബ്ലഡ്ഡർ നീക്കം മൂലം ഉടൻതന്നെ പരാജയം സമ്മതിക്കേണ്ടതായി വന്നു. നാലാം ഗെയിമിൽ കര്യാക്കിൻ സിസിലിയൻ ഡിഫൻസാണ് പരീക്ഷിച്ചത്. മിഡിൽ ഗെയിമിൽ നൈറ്റിനും രണ്ടു പോണിനുമെതിരേ റൂക്കിനെ വെട്ടിയെടുത്ത കാൾസൻ കളിയിൽ മുൻതൂക്കം നേടി. 50–ാം നീക്കത്തിൽ ക്വീനിനെ ബലി കൊടുത്ത് കാൾസൻ ആ ഗെയിമിലും ലോക ചാ മ്പ്യൻഷിപ്പിലും വിജയിയായി.


2013, 2014 വർഷങ്ങളിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തിയാണ് കാൾസൻചാമ്പ്യനായത്. ചെസിലെ ഇതിഹാസ താരമായിരുന്ന ഗാരി കാസ്പറോവിന്റെ തലത്തിലേക്ക് കാൾസൻ ഉയരുമെന്നു വിലയിരുത്തുന്നവരേറെയാണ്. 15 വർഷക്കാലമാണ് കാസ്പറോവ് ലോക ചെസിന്റെ അമരത്ത് വിരാജിച്ചത്. കാസ്പറോവിനേക്കാൾ റേറ്റിംഗ് കൂടുതൽ നേടിയ താരമാണ് കാൾസൻ.

ബ്ലിറ്റ്സ് ഫോർമാറ്റുകളിൽ 2010 മുതൽ അനിഷേധ്യതാരമാണ് കാൾസൻ. ഈ വർഷംതന്നെ അദ്ദേഹം നിരവധി ബ്ലിറ്റ്സ് ടൂർണമെന്റുകളിൽ വിജയിയായിട്ടുണ്ട്. ബ്ലിറ്റ്സ്, റാപ്പിഡ്, ക്ലാസിക് എന്നീ മൂന്നു വിഭാഗങ്ങളിലും കാൾസൻ ഒരുപോലെ മികവു പുലർത്തുന്നു.

പത്തു ലക്ഷം യൂറോയാണ് ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുക. 55–45 ശതമാന ക്രമത്തിലാണ് സമ്മാനത്തുക വീതിക്കുക.

അടുത്ത ചാമ്പ്യൻഷിപ്പ് ഏഷ്യയിൽ: ഫിഡെ പ്രസിഡന്റ്

മോസ്കോ: അടുത്ത ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വേദി ഏഷ്യയായിരിക്കുമെന്ന് ലോക ചെസ് ഫെഡറേഷൻ (ഫിഡെ) പ്രസിഡന്റ് കിർസാൻ ഇല്യംസിനോവ്.

രണ്ടു പേരാണ് ചാമ്പ്യൻഷിപ്പിനായി രംഗത്തുള്ളതെന്നും എന്നാൽ, അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താകില്ലെന്നും അദ്ദേഹം പറഞ്ഞു. വേദിക്കായി രംഗത്തുള്ള രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികൾ ന്യൂയോർക്കിൽ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വേദിയിലുണ്ടായതായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.കെ. ജോസഫ് പ്രവിത്താനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.