കൂടുതൽ മക്കളുള്ളവർ എന്ന് പറയുന്നത് മുസ്ലീങ്ങളാകുന്നത് എങ്ങനെയാണ്: പ്രധാനമന്ത്രി
Wednesday, May 15, 2024 9:08 PM IST
ന്യൂഡല്‍ഹി: വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി. മുസ്ലീങ്ങളെക്കുറിച്ച് മാത്രമല്ല പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ച് കൂടിയായിരുന്നു തന്റെ പരാമർശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വിഭാഗങ്ങളുടെയും പുരോഗമനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വോട്ട്ബാങ്കിനായല്ല താൻ പ്രവർത്തിക്കുന്നത്. കൂടുതൽ മക്കളുള്ളവർ എന്ന് പറയുന്നത് മുസ്ലീങ്ങളാകുന്നത് എങ്ങനെയാണ്. നിങ്ങളെന്തിന് മുസ്ലീങ്ങളോട് ഇത്ര അനീതി കാണിക്കണം. ഈ സാഹചര്യം ദരിദ്ര കുടുംബത്തിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുവെന്നോ മുസ്ലീമെന്നോ പ്രത്യേകം പരാമർശിച്ചിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്ന അത്ര കുട്ടികളാണ് ഉണ്ടാകേണ്ടത്. നിങ്ങളുടെ കുട്ടികളെ സർക്കാർ പരിപാലിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് പറഞ്ഞതെന്ന് മോദി വ്യക്തമാക്കി.
2002 ന് ശേഷം തന്റെ പ്രതിഛായ തകർക്കപ്പെട്ടു. ഹിന്ദു, മുസ്ലീം എന്ന് വേർതിരിക്കാൻ തുടങ്ങുന്ന ദിവസം മുതൽ തനിക്ക് പൊതുമണ്ഡലത്തിൽ പ്രവർത്തിക്കാൻ അവകാശമില്ല. താൻ അങ്ങനെ ചെയ്യില്ലെന്നത് പ്രതിജ്ഞയാണെന്നും പ്രധാമനമന്ത്രി പറഞ്ഞു.