എയര്‍ ഇന്ത്യാ ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു; പ്രവാസിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
Thursday, May 16, 2024 11:27 AM IST
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു. എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
സംസ്കാരത്തിന് ശേഷം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എയര്‍ ഇന്ത്യാ അധികൃതരുമായി ചര്‍ച്ച നടത്താമെന്ന ധാരണയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എയര്‍ ഇന്ത്യാ അധികൃതരുമായി വീട്ടുകാർ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം.
ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് എയർ ഇന്ത്യ ഓഫീസിലെത്തിച്ച് ബന്ധുക്കൾ പ്രതിഷേധിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന രാജേഷിനെ പരിചരിക്കാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ് പ്രതിഷേധം. ആശുപത്രിയില്‍നിന്ന് വന്നതിന് ശേഷം വേണ്ട ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ് രാജേഷ് മരിച്ചതെന്ന് ഇവര്‍ ആരോപിച്ചു.
മേയ് ഏഴിനാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാജേഷിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം മൂലം പോകാന്‍ കഴിഞ്ഞില്ല.
വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം അവസാനിക്കാത്തതുമൂലം യാത്ര മുടങ്ങി.13ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് രാജേഷ് മരിച്ചത്.