ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സമിതി; അധീർ രഞ്ജൻ ചൗധരി പിന്മാറി
Saturday, September 2, 2023 11:29 PM IST
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പ്രക്രിയയെപ്പറ്റി പഠിക്കാനുള്ള എട്ടംഗ സമിതിയിൽ നിന്ന് പിന്മാറി ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി.
സമിതിയിൽ അംഗമാകാനില്ലെന്ന് വ്യക്തമാക്കി ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
സമിതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കോൺഗ്രസ് പാർട്ടിയുടെ നിർദേശപ്രകാരമാണ് സമിതിയിൽ നിന്ന് പിന്മാറുന്നതെന്നും ചൗധരി അറിയിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ കോൺഗ്രസ് നേരത്തെ പ്രതിഷേധം ഉയർത്തിയിരുന്നു.
നേരത്തെ, സമിതിയിലെ അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അംഗമാണ്.
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതി സെക്രട്ടറിസ്ഥാനം വഹിക്കും.
ആവർത്തിച്ച് വരുന്ന തെരഞ്ഞെടുപ്പുകൾ വൻ സാന്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്നും കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയാൽ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവ് ഗണ്യമായി കുറയ്ക്കാമെന്നുമാണ് ബിജെപിയുടെ വാദം.
എന്നാൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രീതി വന്നാൽ പ്രാദേശിക പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ഒരു നേതാവിലേക്ക് മാത്രമായി ശ്രദ്ധ തിരിയുമെന്നുമാണ് പ്രതിപക്ഷം പറയുന്നത്.