അന്വേഷണത്തിന് മുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹമെന്ന് ചെന്നിത്തല
Thursday, September 28, 2023 12:44 PM IST
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ, പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിനെ ന്യായീകരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നടപടി ദുരൂഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പരാതി വാങ്ങി പോലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമാണെന്ന് ചെന്നിത്തല പറഞ്ഞു.
പരാതിക്കാരൻ നൽകിയ പരാതി മുക്കിയശേഷം, ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി തന്റെ സ്റ്റാഫിനെ വെള്ളപൂശുകയായിരുന്നു. ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്.
ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.