യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞു
Saturday, September 30, 2023 10:42 AM IST
ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞു. ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്കോ ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ എത്തിയ ഇന്ത്യന്‍ സ്ഥാനപതി വിക്രം ദൊരേസ്വാമിയെയാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞത്.
ഗ്ലാസ്കോയിലുള്ള ഗുരുദ്വാര കമ്മിറ്റിയുടെ ക്ഷണപ്രകാരം സമിതി അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. എന്നാല്‍ ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ ഇദ്ദേഹത്തെ അനുവദിച്ചില്ല. ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധിച്ചതോടെ ഇദ്ദേഹം ഇവിടെനിന്ന് മടങ്ങുകയായിരുന്നു.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ അനൗദ്യോഗിക ചര്‍ച്ചകളില്‍ ആവശ്യമുന്നയിച്ചു. ചില ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജറിന്റെ കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്നാണ് കാനഡയുടെ നിലപാട്. ഇത് സാധൂകരിക്കുന്ന ചില ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കാനഡ അവകാശപ്പെടുന്നു.
ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കണമെന്നാണ് കാനഡയുടെ ആവശ്യം. എന്നാല്‍ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകളൊന്നും കൈമാറാത്ത സ്ഥിതിക്ക് അന്വേഷണം അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.