പ്രധാനമന്ത്രി പാഠംപഠിക്കും: ഹമാസ് മാതൃകയിൽ ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി
Wednesday, October 11, 2023 10:51 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായി ഖലിസ്ഥാൻ. ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്നാണ് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് മേധാവി ഗുർപത്വന്ത് സിംഗ് പന്നുൻ വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കിയത്.
പ്രധാനമന്ത്രി പാഠം പഠിക്കുമെന്നും നിജ്ജാറിന്റെ മരണത്തിന് പകരംവീട്ടുമെന്നും കാനഡയിലുള്ള ഖലിസ്ഥാൻ നേതാവ് മുന്നറിയിപ്പ് നല്കി.
പഞ്ചാബിൽ നിന്ന് ഇന്ത്യ പിൻവാങ്ങി ഖലിസ്ഥാൻ എന്ന സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കാനുള്ള തന്റെ ആഹ്വാനം പന്നൂൻ ആവർത്തിച്ചു. പഞ്ചാബിലെ സാഹചര്യങ്ങളും പലസ്തീനും ഇസ്രായേലും തമ്മിലുള്ള ദീർഘകാല സംഘർഷവും താരതമ്യപ്പെടുത്തിയ അദ്ദേഹം പഞ്ചാബിന് മേലുള്ള നിയന്ത്രണം ഇന്ത്യ തുടരുകയാണെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ബാലറ്റിന്റെയും വോട്ടിന്റെയും ശക്തിയിൽ എസ്എഫ്ജെ വിശ്വസിക്കുന്നുവെന്നും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ സമാധാനപരമായ ജനാധിപത്യ പ്രക്രിയകൾക്കായി ഫലപ്രദമായി വാദിക്കുന്നതായും പന്നൂൻ പറഞ്ഞു.
വീഡിയോയിൽ വെടിവയ്ക്കുന്ന ആംഗ്യം കാണിച്ചശേഷം "ഇന്ത്യ, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. ബാലറ്റ് അല്ലെങ്കിൽ ബുള്ളറ്റ്' എന്നും പന്നൂൻ പറഞ്ഞു. നജ്ജാറിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ കാനഡയിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂല സിഖുകാർ ഡൽഹിയിലുണ്ട് എന്നും പന്നൂൻ വീഡിയോയിൽ പറയുന്നു.
ജൂൺ 18 ന് പടിഞ്ഞാറൻ കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് പുതിയ ഭീഷണി സന്ദേശം.
ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സരം തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ അഹമ്മദാബാദ് പോലീസ് അടുത്തിടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.