ഇന്ത്യയുടെ നടപടികൾ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി
Saturday, October 21, 2023 4:37 AM IST
ഒട്ടാവ: നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്. ഇന്ത്യയുടെ തീരുമാനം വിയന്ന കൺവെൻഷന്റെ ലംഘനമാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇത് എല്ലാ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും കാനഡയിലും ദശലക്ഷക്കണക്കിന് ആളുകൾക്ക് പതിവുപോലെ ജീവിതം തുടരാൻ ഇന്ത്യൻ സർക്കാർ അവിശ്വസനീയമാംവിധം ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്രത്തിന്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമായാണ് അവർ അത് ചെയ്യുന്നതെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.