ആറുപേരെ കൊലപ്പെടുത്തിയ കേസ്; മുൻ ഗുസ്തി പരിശീലകൻ കുറ്റക്കാരനാണെന്ന് കോടതി
Wednesday, February 21, 2024 4:08 AM IST
ചണ്ഡീഗഡ്: ദമ്പതികളെയും മകനെയും ഉൾപ്പടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുൻ ഗുസ്തി പരിശീലകൻ കുറ്റക്കാരനാണെന്ന് കോടതി. 2021 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ബറൗദ ഗ്രാമവാസിയായ സുഖ്വീന്ദറിനെതിരായ കുറ്റമാണ് തെളിഞ്ഞത്.
കേസിൽ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗഗൻ ഗീത് കൗർ ബുധനാഴ്ച ശിക്ഷ വിധിക്കും.
മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, അവരുടെ മകൻ സർതാജ്, ഗുസ്തി പരിശീലകരായ സതീഷ് കുമാർ, പർദീപ് മാലിക്, ഗുസ്തി താരം പൂജ എന്നിവരെയാണ് ഇയാൾ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ അമർജീത് എന്നയാൾക്ക് പരിക്കേറ്റു. റോഹ്തക്കിലെ ഒരു സ്വകാര്യ കോളജിനോട് ചേർന്നുള്ള ഗുസ്തി വേദിയിൽ വച്ചായിരുന്നു സംഭവം.