പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
Tuesday, March 5, 2024 1:30 AM IST
തിരുവനന്തപുരം: പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേര്യമംഗലത്ത് ഒരു സ്ത്രീയെ ആന ചവട്ടി കൊന്നു. കഴിഞ്ഞ ഏതാനും നാളുകളായി വനാതിർത്തിയിൽ വന്യജീവികൾ മനുഷ്യരെ ചവിട്ടി കൊല്ലുകയും കൃഷി ഭൂമി തകർക്കുകയുമാണെന്നും സതീശൻ പറഞ്ഞു.
സർക്കാർ നിഷ്ക്രീയമായി നോക്കിനിൽകുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ സർക്കാർ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും തിരുവനന്തപുരത്ത് പ്രതിഷേധ പന്തലിലെത്തിയ സതീശൻ പറഞ്ഞു. വനാതിർത്തിയിലെ പ്രശ്നം പരിഹരിക്കാനല്ല സർക്കാർ നോക്കുന്നത്. ജനങ്ങൾക്കൊപ്പം തങ്ങൾ നിൽക്കുമെന്നും സതീശൻ പറഞ്ഞു.
കോതമംഗലം ടൗണിൽ പ്രതിഷേധിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്രു കുഴൽനാടനെയും പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയി. ഷിയാസ് എവിടെയാണെന്ന് അറിയില്ല. മുഹമ്മദ് ഷിയാസിന്റെയും മാത്യു കുഴൽനാടന്റെയും ശരീരത്തിൽ ഒരു തരി മണ്ണ് വീണാൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരും. രാവിലെ ഒൻപതിന് എറണാകുളത്ത് കാണാമെന്നും സതീശൻ പറഞ്ഞു.
പിണറായി പോലീസിനെ കൊണ്ടും ക്രിമിനലുകളെയും കൊണ്ട് കേരളത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ക്രിമിനലുകളെ ഇറക്കി വിട്ടുള്ള സമരമാണ് നടക്കുന്നത്. പാതിരാത്രി നൂറുകണക്കിന് പോലീസുകാരെ ഇറക്കിവിട്ട് സെക്രട്ടറിയറ്റിനു മുന്നിലെ സമരം തർക്കാൻ ശ്രമിക്കുന്നത്.
ഒരു കുഞ്ഞിനെ കൊന്ന് കെട്ടിതൂക്കിയിട്ട് മുഖ്യമന്ത്രിയുടെ നാവ് പൊങ്ങിയില്ല. നിങ്ങൾ മൗനത്തിന്റെ മാളങ്ങളിൽ എപ്പോഴും ഒളിക്കും. ആ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.