‘വീട്ടിൽ വോട്ട് ’അട്ടിമറിക്കപ്പെടരുത്: പ്രതിപക്ഷ നേതാവിന്റെ കത്ത്
Thursday, March 28, 2024 6:30 AM IST
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിനു കത്ത് നൽകി.
വീട്ടിൽ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റു തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വോട്ടിംഗ് പ്രക്രിയ സുതാര്യവും സത്യസന്ധവുമാക്കുന്നതിന് വേണ്ടി വോട്ടിംഗ് സമയക്രമം സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഏജന്റുമാരെ മുൻകൂട്ടി അറിയിക്കാനും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം.
സീൽഡ് കവറുകൾക്ക് പകരം തപാൽ വോട്ടുകൾ ബാലറ്റ് പെട്ടികളിൽ തന്നെ സൂക്ഷിക്കാൻ കർശന നിർദേശം നൽകണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.