കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസ്: എം.എം. വർഗീസിനു വീണ്ടും ഇഡി നോട്ടീസ്
Wednesday, April 3, 2024 8:36 PM IST
തൃശൂർ: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസിനു വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)നോട്ടീസ്. ഏപ്രിൽ അഞ്ചിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
ഏപ്രിൽ 26നുശേഷം ഹാജരാകാമെന്നാണ് വർഗീസ് ഇഡിയെ അറിയിച്ചത്. അതേസമയം തുടർച്ചയായി ഹാജരായില്ലെങ്കിൽ കടുത്ത നടപടി വേണ്ടിവരുമെന്ന് ഇഡി മുന്നറിയിപ്പ് നൽകി.
കേസുമായി ബന്ധപ്പെട്ടു മുന്‍പും പലതവണ വർഗീസിനെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തിയിരുന്നു.
സിപിഎം പ്രാദേശിക നേതാവും കോർപറേഷൻ കൗൺസിലറുമായ അനൂപ് ഡേവിസ് കാട, മധു അമ്പലപുരം, എ.സി. മൊയ്തീൻ എംഎൽഎ, എം.കെ. കണ്ണൻ എന്നിവരെയും ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വർഗീസിന് ഇപ്പോൾ വീണ്ടും നോട്ടീസ് നല്‍കിയിട്ടുള്ളത്.
എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ ഉൾപ്പെടെയുള്ളവർക്കും ഇഡി നോട്ടീസ് അയച്ചേക്കുമെന്നാണു ലഭിക്കുന്ന വിവരം. ഇവർക്കെതിരേ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചതോടെ സിപിഎം ജില്ലാ നേതൃത്വം ആശങ്കയിലാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇഡിയുടെ തുടർനടപടികൾ കർക്കശമാകുമെന്നാണു സിപിഎം പ്രതീക്ഷിക്കുന്നത്.