പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്: ഐജി ലക്ഷ്മണ അടക്കമുള്ളവരെ പ്രതി ചേര്‍ത്തു
Thursday, April 4, 2024 3:20 PM IST
കൊച്ചി: മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രം നല്കി. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുന്‍ ഡിഐജി എസ്. സുരേന്ദ്രന് ഐജി ലക്ഷ്മണ എന്നിവര്‍ അടക്കമുള്ളവരെ കേസില്‍ പുതുതായി പ്രതി ചേര്‍ത്തിട്ടുണ്ട്. രണ്ടാംഘട്ട കുറ്റപത്രത്തില്‍ എസ്.സുരേന്ദ്രന്, ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിവരെ പ്രതി ചേര്‍ത്തു. മൂന്നാം ഘട്ട കുറ്റപത്രത്തിലാണ് ഐജി ലക്ഷ്മണയുടെ പേരുള്ളത്.
മോന്‍സന്റെ കൈവശമുള്ളത് പുരാവസ്തുക്കള്‍ അല്ലെന്ന് അറിഞ്ഞിട്ടും ആളുകളെ അങ്ങനെ ധരിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇവര്‍ പണം കൈപ്പറ്റിയതിന് തെളിവില്ല. ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് കൂട്ടുനിന്നെന്നും കുറ്റപത്രത്തിലുണ്ട്. ഇവര്‍ക്കെതിരേ വിശ്വാസ വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം പരാതിക്കാരില്‍നിന്ന് 10 കോടി രൂപ മോന്സണ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും ഈ തുക അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. ഇതില്‍ അഞ്ച് കോടി 45 ലക്ഷം രൂപ മോന്സണ് ചെലവാക്കിയതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ബാക്കി തുക സംബന്ധിച്ച തെളിവും ലഭിച്ചിട്ടില്ല.