പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് കീഴടക്കി സൺറൈസേഴ്സ്
Tuesday, April 9, 2024 11:50 PM IST
മൊഹാലി: സിക്ക് നഗരമായ മുള്ളൻ പൂർ ദഖയിൽ സ്വിംഗ് ബൗളിംഗിന്റെ സൗന്ദര്യം കണ്ട ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ആതിഥേയരായ പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് സൺറൈസേഴ്സ് കീഴടക്കി. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 182/9 (20). പഞ്ചാബ് കിംഗ്സ് 180/6 (20).
സൺറൈസേഴ്സ് മുന്നോട്ടുവച്ച ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് തുടക്കത്തിൽ തുടരെ വിക്കറ്റ് നഷ്ടമായി. 4.4 ഓവറിൽ 20 റൺസ് എടുക്കുന്നതിനിടെ ആതിഥേയരുടെ മൂന്ന് വിക്കറ്റ് നിലംപൊത്തി. ജോണി ബെയർസ്റ്റൊ (0), ക്യാപ്റ്റൻ ശിഖർ ധവാൻ (14), പ്രഭ്സിംറൻ സിംഗ് (നാല്) എന്നിവരെയാണ് പഞ്ചാബിന് തുടക്കത്തിൽ നഷ്ടപ്പെട്ടത്.
പിന്നീട് ശശാങ്ക് സിംഗ് (25 പന്തിൽ 46 നോട്ടൗട്ട് ), അഷുതോഷ് ശർമ (15 പന്തിൽ 33 നോട്ടൗട്ട് ) എന്നിവരുടെ പോരാട്ടമാണ് പഞ്ചാബിനെ ജയത്തിന്റെ വക്കിൽവരെ എത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ രണ്ടും പാറ്റ് കമ്മിൻസ്, നടരാജൻ, നിതീഷ് കുമാർ, ഉനദ്ഘട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ടെങ്കിലും കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കാനായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡ് ആക്രമിച്ചു കളിച്ചു. 15 പന്തിൽ 21 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ അർഷദീപ് സിംഗ് ശിഖർ ധവാന്റെ കൈകളിലെത്തിച്ച് ആദ്യ പ്രഹരമേൽപ്പിച്ചു.
പിന്നീടങ്ങോട്ട് അർഷദീപ് സിംഗിന്റെ സ്വിംഗ് ആക്രമണമായിരുന്നു കണ്ടത്. ഒരു പന്തിന്റെ ഇടവേളയിൽ എയ്ഡൻ മാർക്രത്തെ വിക്കറ്റിനു പിന്നിൽ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ മാർക്രത്തിന് ഇത്തവണ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. രണ്ട് പന്ത് മാത്രമായിരുന്നു മാർക്രത്തിന്റെ ഇന്നിംഗ്സ് നീണ്ടത്.
പേസ് ആക്രമണം
ആറാം ഓവറിന്റെ അവസാന പന്തിൽ അഭിഷേക് ശർമയെ പുറത്താക്കി സാം കറനും പഞ്ചാബിന്റെ പേസ് ആക്രമണത്തിൽ സാന്നിധ്യമറിയിച്ചു. 11 പന്തിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 16 റണ്‍സായിരുന്നു അഭിഷേക് ശർമയുടെ സന്പാദ്യം. നിതീഷ് കുമാർ റെഡ്ഡി, അബ്ദുൾ സമദ് എന്നിവരെയും അർഷദീപ് സിംഗ് പുറത്താക്കി. അതോടെ നാല് ഓവറിൽ 29 റണ്‍സിന് നാല് വിക്കറ്റ് എന്ന മികച്ച പ്രകടനവുമായി അർഷദീപ് തന്റെ ക്വാട്ട പൂർത്തിയാക്കി.
നാല് ഓവറിൽ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമായി ഹർഷൽ പട്ടേലും നാല് ഓവറിൽ 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമായി സാം കറനും 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ കഗിസൊ റബാദയും ചേർന്നതോടെ പഞ്ചാബ് കിംഗ്സിന്റെ പേസ് ആക്രമണം പൂർണം. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നിലംപൊത്തിയ ഒന്‍പത് വിക്കറ്റും പഞ്ചാബ് പേസർമാരായിരുന്നു സ്വന്തമാക്കിയത്.
നിതീഷ് മാത്രം
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി മാത്രമായിരുന്നു സണ്‍റൈസേഴ്സ് ഇന്നിംഗ്സിൽ തിളങ്ങിയത്. 37 പന്തിൽ അഞ്ച് സിക്സും നാല് ഫോറും അടക്കം നിതീഷ് കുമാർ 64 റണ്‍സ് നേടി.
ചെന്നൈക്കെതിരേ 14 റണ്‍സുമായി പുറത്താകാതെനിന്ന നിതീഷ് ഇന്നലെ ലഭിച്ച അവസരം മുതലാക്കുകയായിരുന്നു. 12 പന്തിൽ 25 റണ്‍സ് നേടിയ അബ്ദുൾ സമദാണ് സണ്‍റൈസേഴ്സ് ഇന്നിംഗ്സിൽ മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറിന് ഉടമ. ഏഴ് പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കം 14 റണ്‍സുമായി ഷഹ്ബാസ് അഹമ്മദ് പുറത്താകാതെനിന്നു.