കെഎസ്ആർടിസി ബസുകളിൽ ഇനി ബഹുഭാഷാ ബോർഡുകൾ
പ്രദീപ് ചാത്തന്നൂർ
Tuesday, April 16, 2024 7:06 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിനുമായി ബസുകളിൽ ഇനി ബഹുഭാഷ ഡെസ്റ്റിനേഷൻ ബോർഡുകൾ സ്ഥാപിക്കും.
മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നട ഹിന്ദി എന്നീ ഭാഷകളിലും വ്യക്തമായ ബോർഡുകളായിരിക്കും. മലയാളമറിയാത്ത മറ്റ് ഭാഷക്കാർക്ക് ബസ് പോകുന്ന സ്ഥലത്തെക്കുറിച്ച് നേരിട്ട് അറിയാനാണ് ഇത്.
തമിഴ്നാട് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന ബസുകളിൽ മലയാളത്തിന് പുറമേ തമിഴും ഇംഗ്ലീഷുമുണ്ടായിരിക്കും. കർണാടക അതിർത്തി പങ്കിടുന്ന സർവീസുകളിൽ കന്നട നിർബന്ധമാണ്.
അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന പ്രദേശങ്ങളിലേയ്ക്കുള്ള ബസുകളിൽ ഹിന്ദിയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള ബസുകളിൽ ബഹുഭാഷ ബോർഡുകളും ഉണ്ടായിരിക്കും. ബസിന്റെ മുൻവശത്തും പിൻവശത്തും ഇടതുവശത്ത് വാതിലിനടുത്തും നിശ്ചിത വലിപ്പത്തിൽ ബഹുഭാഷ ബോർഡുകൾ ഉണ്ടായിരിക്കും.