ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Thursday, April 18, 2024 7:34 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു. ഇടതു പിന്തുണയുള്ള വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് അനുമതി നിഷേധിച്ചത്.
നേരത്തെ, ഗേറ്റ് മൂന്നിന് സമീപം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ രാമനവമി ആഘോഷിക്കാൻ സർവകലാശാല അനുമതി നൽകിയിരുന്നു.
എന്നാൽ ഇത്തരമൊരു പരിപാടി കാമ്പസിലെ സമാധാനത്തിനും സൗഹാർദത്തിനും വിഘാതമുണ്ടാക്കുമെന്ന് വിവിധ വിദ്യാർഥി സംഘടനകളിൽ നിന്നും രേഖാമൂലം പരാതി ലഭിച്ചതായി രജിസ്ട്രാർ സ്നേഹ മഞ്ജു ബസു പറഞ്ഞു. ഇത് കണക്കിലെടുത്താണ് അനുമതി പിൻവലിക്കുന്നതെന്നും രജിസ്ട്രാർ വ്യക്തമാക്കി.
അതേസമയം, സർവകലാശാലയുടെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് എബിവിപി പ്രതികരിച്ചു. എഐഎസ്എ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അധികൃതർ അനുമതി പിൻവലിച്ചതെന്നും എബിവിപി ആരോപിച്ചു.