യൂണിഫോമിന് പകരം കാവി; ചോദ്യം ചെയ്തെന്നാരോപിച്ച് പ്രിന്‍സിപ്പലിന് മര്‍ദനം, മിഷണറി സ്കൂള്‍ അടിച്ചുതകര്‍ത്തു
Thursday, April 18, 2024 11:02 AM IST
ഹൈദരാബാദ്: യൂണിഫോമിന് പകരം മതപരമായ വസ്ത്രം ധരിച്ച് കാമ്പസിലെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തെന്നാരോപിച്ച് ആള്‍ക്കൂട്ടം സകൂള്‍ തകര്‍ത്തു. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയില്‍ ദിവ്യകാരുണ്യ മിഷണറി സന്യാസ സമൂഹം നടത്തുന്ന സ്കൂളിലാണ് സംഭവം.
ഹൈദരാബാദില്‍ നിന്ന് 625 കിലോമീറ്റര്‍ അകലെയുള്ള കണ്ണേപള്ളി ഗ്രാമത്തിലെ ബ്ലെസ്ഡ് മദര്‍ തെരേസ ഹൈസ്കൂളില്‍ ചില വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം കാവി വസ്ത്രം ധരിച്ച് എത്തിയിരുന്നു. യൂണിഫോമിന്റെ കാര്യം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെയ്മോന് ജോസഫ് വിദ്യാര്‍ഥികളോട് തിരക്കി. എന്നാല്‍ 21 ദിവസം ഹനുമാന് ദീക്ഷ ആചരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ മറുപടി നല്കി. മാതാപിതാക്കളുടെ അനുമതിയോടെയാണോ ഇതെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചിരുന്നു.
ഇതിനെ കാമ്പസില്‍ ഹിന്ദു വസ്ത്രം ധരിക്കാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുന്നില്ലെന്ന് ആരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്നു ഒരു സംഘം സ്കൂളിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
" ജയ് ശ്രീ റാം' മുദ്രാവാക്യം മുഴക്കിയെത്തിയ ചിലര്‍ സ്കൂളിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കാമ്പസിലെ മദര്‍ തെരേസയുടെ പ്രതിമയ്ക്ക് നേരെ ജനക്കൂട്ടം കല്ലെറിയുന്നത് വീഡിയോകളില്‍ കാണാം. ചിലര്‍ പ്രിന്‍സിപ്പല്‍ ജെയ്മോന് ജോസഫിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും നെറ്റിയില്‍ ബലമായി തിലകം ചാര്‍ത്തുകയും ചെയ്തു. സ്കൂളിലെ മറ്റ് ജീവനക്കാരെയും സംഘം അക്രമിക്കുകയുണ്ടായി.
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് സ്കൂള്‍ അധികൃതര്‍ക്കെതിരേ ദണ്ഡേപ്പള്ളി പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നിലവില്‍ സ്കൂളില്‍ സിആര്‍പിഎഫ് കാവല്‍ ഏര്‍പ്പെടുത്തി.