അശ്ലീല വീഡിയോ ആരോപണം; കെ.കെ.ശൈലജയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി
Sunday, April 21, 2024 11:50 AM IST
കണ്ണൂര്‍: അശ്ലീല വീഡിയോ ആരോപണത്തില്‍ കെ.കെ.ശൈലജയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. അശ്ലീല വീഡിയോയുടെ പേരില്‍ തന്റെ അമ്മയുടെ പേര് വരെ വലിച്ചിഴച്ചെന്ന് ഷാഫി പ്രതികരിച്ചു.
തനിക്ക് ഉമ്മയില്ലേ എന്നാണ് പത്രസമ്മേളനത്തിൽ ചോദിച്ചത്. താന്‍ വ്യക്തിഹത്യ നടത്തി ജയിക്കാന്‍ വന്ന ആളല്ല. വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നതെന്ന് ശൈലജ തിരുത്തിയതില്‍ സന്തോഷമുണ്ട്.
ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, എന്നാല്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇല്ലാതാകില്ലല്ലോ എന്നും ഷാഫി ചോദിച്ചു. വടകരയിലെ സോഷ്യല്‍ മീഡിയ ഇംഫാക്റ്റ് തനിക്ക് അനുകൂലമാകുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.