കസ്റ്റഡി നീട്ടി; കേജരിവാളും കവിതയും ജയിലില്‍ തുടരും
Tuesday, April 23, 2024 3:40 PM IST
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയും ജയിലില്‍ തുടരും. ഇരുവരുടേയും ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി.
അടുത്ത മാസം ഏഴുവരെയാണ് കസ്റ്റഡി നീട്ടിയത്. റോസ് അവന്യൂ കോടതിയിലെ വാദത്തിനിടെ കേജരിവാളിനെയും കവിതയെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കിയിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് കേജരിവാളും കവിതയും.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ചൻപ്രീത് സിംഗിന്റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ആണ് അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീടത് 23 വരെയും നീട്ടി.
നേരത്തെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരേ അരവിന്ദ് കേജരിവാള്‍ നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കേജരിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നു ജസ്റ്റീസ് സ്വര്‍ണ കാന്ത ശര്‍മ വിധിയില്‍ പറഞ്ഞിരുന്നു.