അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോ; തെലുങ്കാന മുഖ്യമന്ത്രിക്ക് നോട്ടീസ്
Monday, April 29, 2024 6:32 PM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ് നൽകി.
തെലുങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് അമിത് ഷായ്ക്കെതിരായി സംവരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ വീഡിയോ വ്യാജമായി നിർമിച്ചതാണെന്ന് ആരോപിച്ച് ബിജെപിയും ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. തുടർന്ന് നൽകിയ പരാതിയിലാണ് രേവന്ത് റെഡ്ഡിക്കും മറ്റു നാലു പേർക്കും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.