ഇ.പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല: ചെന്നിത്തല
Monday, April 29, 2024 8:44 PM IST
തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായുടെ ട്രബിൾ ഷൂട്ടറാണ് ഇ.പി മുഖ്യമന്ത്രി അറിയാതെ ഇ.പി ചെറുവിരൽ പോലും അനക്കില്ല. ആ നിലയ്ക്ക് ഇ.പിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തിമടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് ആർക്കാണ് അറിയാത്തത്.
ഇ.പിയുടെ ബിജെപി ബന്ധമെല്ലാം പിണറായി അറിഞ്ഞുതന്നെയാണ്. ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഎം-ബിജെപി ബന്ധമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. അതുകൊണ്ടൊന്നും സംസ്ഥാനത്തെ ഒരു സീറ്റിൽ പോലും ഇരുപാർട്ടികളും വിജയിക്കില്ല. കോൺഗ്രസ് മുക്ത ഭാരതത്തിനായാണ് സിപിഎമ്മും ബിജെപിയും പ്രവർത്തിക്കുന്നതെന്നും ഇത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന നീചമായ കള്ളപ്രചരണം ഈ തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ സിപിഎമ്മിന്റെ യഥാർഥ മുഖമാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.