ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
Monday, April 29, 2024 10:49 PM IST
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ചുവരുത്തിയായിരുന്നു വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചത്.
സംഭവത്തിൽ ഇന്ത്യയുടെ ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും അറിയിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സിഖ് സമുദായ രൂപീകരണത്തിന്റെ ഭാഗമായി ആചരിക്കുന്ന ഖൽസ ദിനത്തോട് അനുബന്ധിച്ച് ഏപ്രിൽ 28-ന് നടന്ന പരിപാടിയിലാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർന്നത്. ചടങ്ങിൽ പങ്കെടുത്ത ജസ്റ്റിൻ ട്രൂഡോ പ്രസംഗിക്കാനായി വേദിയിലേക്ക് കയറുമ്പോൾ ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.
പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവർ സംസാരിക്കുന്നതിനിടയിലും സമാനമുദ്രാവാക്യം ഉയർന്നു. കാനഡ ആസ്ഥാനമായുള്ള സിപിഎസി ടിവിയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
കാനഡയിലെ സിഖുക്കാരുടെ സ്വാതന്ത്ര്യവും അവകാശവും എപ്പോഴും സംരക്ഷിക്കുമെന്നും വിവേചനത്തിൽനിന്നും വിദ്വേഷത്തിൽനിന്നും സിഖ് സമൂഹത്തെ സംരക്ഷിക്കുമെന്നും പ്രസംഗത്തിൽ ട്രൂഡോ വ്യക്തമാക്കി.