രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി;14 അഭയാർത്ഥികൾക്ക് പൗരത്വം നൽകി
Wednesday, May 15, 2024 5:14 PM IST
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്കി. പാകിസ്ഥാനിൽ നിന്നു വന്ന അഭയാർത്ഥികൾക്കാണ് പൗരത്വം നല്‍കിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേതന്നേ മാര്‍ച്ച് 11ന് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്നത്. കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ ആവർത്തിച്ചിരുന്നു.
എന്നാൽ സിഎഎ നടപ്പാക്കിയാൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാക്കൾ നുണ പ്രചാരണം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. നിയമം നലവിൽ വന്നതിനാൽ രാജ്യത്തെ മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.