പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
Wednesday, May 15, 2024 6:09 PM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ്എച്ച്ഒ എസ്. സരിനെയാണ് സസ്പെൻഡ്ചെയ്തത്.
സരിൻ അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെതുടർന്നാണ് നടപടി. സംഭവത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്പരിഗണിച്ചാണ് നടപടി. ഇയാൾക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിച്ചേക്കും.
പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തിരുന്നു. സംഭവത്തില്‍ പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ് പോലീസിനെതിരെയാണ് കേസെടുത്തത്.
നവവധുവിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പോലീസിനെതിരേ വിമർശനമുയർന്നിരുന്നു.
തുടർന്നാണ് പോലീസ് യുവതിയുടെ ഭർത്താവിനെതിരേ കേസെടുത്തത്. പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്.
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പാണ് ക്രൂരമർദനം അരങ്ങേറിയത്. രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി.