പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി
Wednesday, May 15, 2024 11:12 PM IST
ന്യൂഡൽഹി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ത ജയിൽ മോചിതനായി. പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ജയിലിൽനിന്ന് വിട്ടയച്ചത്. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രബീര്‍ പുര്‍കായസ്ത പ്രതികരിച്ചു.
യുഎപിഎ ചുമത്തി പ്രബീർ പുർകായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും നിയമവിരുദ്ധമാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പുര്കായസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷ നല്‍കിയില്ലെന്നും ജസ്റ്റീസുമാരായ ബി.ആര്. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. വീണ്ടും അറസ്റ്റ് എന്ന കാര്യത്തിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീര്‍ പുർകായസ്തയെ 2023 ഒക്ടോബര്‍ മൂന്നിന് ഡൽഹി പോലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പ്രബീര്‍ പുർകായസ്തയ്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് സ്പെഷല്‍ സെല്‍ എഫ്ഐആറില്‍ ചുമത്തിയിരുന്നത്.
കാഷ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുര്‍കായസ്ത പദ്ധതിയിട്ടു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങള്‍ എഫ്ഐആറില്‍ ഉന്നയിച്ചിരുന്നു.