സൈന്യവുമായി ബന്ധപ്പെട്ട പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
Thursday, May 16, 2024 7:42 AM IST
ന്യൂഡൽഹി: ദരിദ്ര, സംവരണ വിഭാഗങ്ങളിൽ നിന്നുള്ളവരും സമ്പന്ന കുടുംബങ്ങളുമടങ്ങുന്ന രണ്ട് വിഭാഗത്തിലുള്ള സൈനികരെയാണ് മോദി സർക്കാർ സൃഷ്ടിച്ചതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്ര മന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, രാജീവ് ചന്ദ്രശേഖർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നൽകി. ബിജെപി രാജ്യസഭാ എംപിയും ദേശീയ മാധ്യമ ചുമതലയുള്ള അനിൽ ബലൂനിയും സംഘത്തിലുണ്ടായിരുന്നു.
ഇത് ഒരു നുണയാണ്. ഇത് നമ്മുടെ സായുധ സേനയ്ക്കെതിരായ ആക്രമണമാണ്. ഇത് ഒരു വിവാദ വിഷയമാക്കി സായുധ സേനയുടെ മനോവീര്യം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്. ജയശങ്കർ തെരഞ്ഞെടുപ്പ് പാനൽ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശം വളരെ ഗൗരവമുള്ളതാണെന്ന് വിശേഷിപ്പിച്ച ജയശങ്കർ, ബിജെപി പ്രതിനിധി സംഘം ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും രാഹുലിനെതിരെ വളരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
സായുധ സേനയ്ക്കെതിരായ ഇത്തരം പരാമർശങ്ങൾ രാജ്യത്തിന് വളരെ അപകടകരമാണെന്ന് ജയശങ്കർ പറഞ്ഞു. ഞങ്ങൾ ഇത് ഒരിക്കലും അനുവദിക്കില്ല. ഇന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് വന്നിരിക്കുന്നു, രാഷ്ട്രീയ കാരണങ്ങളാൽ നമ്മുടെ സൈനികർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് ഈ രാജ്യം സഹിക്കില്ല എന്ന് രാജ്യത്തോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.