പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
Monday, May 29, 2017 5:02 AM IST
കേളികൊട്ടിന്‍റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്‍റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു തന്നെ ഇഷ്ടപ്പെട്ട ശ്രീദേവി ടീച്ചറെ ഒരു നോക്കു കാണുന്പോഴെല്ലാം അയാളുടെ കണ്ണിൽ പ്രണയമായിരുന്നു. സ്കൂളിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പീടിയിൽ വരുന്പോഴും ബസിന്‍റെ ജാലക വാതിലിലൂടെ നോക്കുന്പോഴും ആ മുഖം മാത്രമായിരുന്നു മനസിൽ ഒടുവിൽ തനിക്കു പാതിയായി ശ്രീദേവി മാറിയപ്പോൾ മറ്റൊരു താങ്ങിന്‍റെയും ആവശ്യമില്ലെന്നു നാരായണൻകുട്ടി മനസിലാക്കുകയായിരുന്നു. പൊ യ്ക്കാൽ വലിച്ചെറിഞ്ഞ് ശ്രീദേവിയുടെ തോളിൽ ചാരി ഒറ്റക്കാലും കുത്തി അവൻ നടന്നകന്നു. അവനു വേണ്ടി നടക്കാൻ ശ്രീദേവിയുടെ കാലുകൾക്ക് ശക്തിയുണ്ടായിരുന്നു.

ടി.വി.വർക്കിയുടെ "ഞാൻ ശിവപ്പിള്ള' എന്ന നോവലിന്‍റെ പശ്ചാത്തലത്തിൽ 1991-ൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു "കേളി'. ചിത്രത്തിലെ ജയറാമിന്‍റെ നായക കഥാപാത്രമായിരുന്നു നാരായണൻകുട്ടി. ശ്രീദേവിയായി ചാർമിളയാണ് വേഷമിട്ടത്. ജയറമിന്‍റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് വികലാംഗൻ നാരായണൻകുട്ടി. സിനിമയിൽ എല്ലാവരും അവനെ ചട്ടുകാലൻ നാരായണൻ കുട്ടി എന്നാണ് വിളിച്ചിരുന്നത്.

അയാൾക്ക് ഒരു കാലില്ലായിരുന്നു. ഉൗന്നു വടിയുടെ സഹായത്താലാണ് അവൻ നടന്നിരുന്നത്. എങ്കിലും ലാസർ മുതലാളിയുടെ സഹായത്താൽ ഒരു മരക്കാല് നാരായണ്‍കുട്ടിക്കു കിട്ടി. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഒറ്റക്കാലിൽ നടക്കാൻ അവൻ ശീലിച്ചു. ഒപ്പം ജംഗ്ഷനിൽ ഒരു പീടിക തുറന്നു നൽകിയതും ലാസർ മുതലാളിയായിരുന്നു. ടൗണിൽ നിന്നും കടയിലേക്കുള്ള സാധനങ്ങൾ എത്തിക്കാൻ ലാസറിന്‍റെ സഹായി അപ്പൂട്ടി(മുരളി)യേയും ചുമതലപ്പെടുത്തി.

ബസിറങ്ങി പോകുന്ന ശ്രീദേവി ടീച്ചർ ശ്രദ്ധിച്ചത് പിന്നീടാണ് അയാൾ കണ്ടത്. പിന്നീട് ഇരുവരുടെയും കണ്ണുകൾ പല സമയത്തും ഉടക്കി. ഒരിക്കൽ പേനയിൽ മഷി നിറയ്ക്കാൻ കടയിൽ വരുന്ന ശ്രീദേവി ടീച്ചറിന്‍റെ ദേഹത്തേക്കു നാരായണൻകുട്ടിയുടെ കൈയിൽ നിന്നും മഷി മറിഞ്ഞു. ഈ സംഭവത്തിന് പിന്നാലെയുള്ള സംസാരത്തിലൂടെ ഇരുവരും പ്രണയത്തിലാകുന്നു. വീഴ്ചകളിൽ അവനെ താങ്ങിയെടുക്കാനും അവന്‍റെ കുറവകൾ മനസിലാക്കി സ്നേഹിക്കാനും കഴിഞ്ഞത് അവൾക്ക് മാത്രമായിരുന്നു.

എന്നാൽ പ്രതീക്ഷിക്കാത്ത പലതുമാണ് പിന്നീട് നാരായണൻകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്. നിഷ്കളങ്കനായ അയാൾ കൊലക്കേസിൽ പ്രതിയാകുന്നതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും ശ്രീദേവി ടീച്ചറുടെ കുടുംബം പിൻമാറി. എന്നാൽ കാലം നിലാവ് പോലെ സത്യം തെളിയിച്ചതോടെ തന്‍റെ ദുഃഖങ്ങളും വേദനകളും എന്നും അറിഞ്ഞിരുന്ന പുഴയരികരിൽ നിന്നും നാരായൺകുട്ടിയും ശ്രീദേവിയും പുതിയ ജീവിതം തുടങ്ങുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.