University News
സമക്ഷം ഫീച്ചർ സിനിമ: എംജി യൂണിവേഴ്സിറ്റി ക്രിയേഷൻസ് ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: ജൈവ കൃഷി ജീവന രീതികളും പരിസ്ഥിതി സൗഹൃദ ജൈവകൃഷിയും പൊതുബോധന പ്രക്രിയയിലൂടെ സാർവത്രികമാക്കാനായി സമക്ഷം എന്ന പേരിൽ ഫീച്ചർ സിനിമ നിർമിക്കുന്നതിന് എംജി യൂണിവേഴ്സിറ്റി ക്രിയേഷൻസ് എന്ന ബാനർ ഫിലിം ചേന്പറിൽ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് മുതൽ സർവകലാശാല നടപ്പിലാക്കിവരുന്ന ജൈവ സാക്ഷരതായജ്ഞത്തിന്‍റെ ഭാഗമായാണ് ചലച്ചിത്ര നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ഫീച്ചർ സിനിമയ്ക്ക് മറ്റിതര മാധ്യമങ്ങളേക്കാൾ പൊതുസമൂഹത്തിലുള്ള സ്വീകാര്യതയാണ് സിനിമാനിർമാണത്തിലേക്ക് തിരിയാൻ സർവകലാശാലയെ പ്രേരിപ്പിച്ചത്.
എംജി യൂണിവേഴ്സിറ്റി ക്രിയേഷൻസിന്‍റെ ലോഗോ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ജൈവം സംഘാടക സമിതി ചെയർമാൻ പി.കെ. ഹരികുമാറിന് നൽകിക്കൊണ്ട് പ്രകാശിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളാ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ, രജിസ്ട്രാറും ജൈവം ജനറൽ കണ്‍വീനറുമായ എം.ആർ. ഉണ്ണി, സിൻഡിക്കേറ്റംഗം ഡോ. കെ. കൃഷ്ണദാസ്, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്രിയേറ്റീവ് മൈന്‍റ്സ് എസ്. രാധാകൃഷ്ണനാണ് ലോഗോ രൂപകല്പന ചെയ്തത്.
ഇത്തവണത്തെ സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര അവാർഡുകൾ നേടിയ ഇന്ദ്രൻസും അലൻസിയറും സമക്ഷത്തിന്‍റെ ഭാഗമാകും. കൈലാഷ്, ഗായത്രി കൃഷ്ണ, പ്രേംപ്രകാശ്, പി. ബാലചന്ദ്രൻ, സോഹൻ സിനു ലാൽ, ദിനേശ് പ്രഭാകർ, മാസ്റ്റർ ആദിഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡോ. അജു കെ. നാരായണനും ഡോ. അൻവർ അബ്ദുള്ളയും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുക. ഛായാഗ്രഹണം: നൗഷാദ് ഷെറീഫ്, എഡിറ്റിംഗ്: ശ്രീകുമാർ നായർ, ഗാനരചന: സുധാംശു, സംഗീതം: എബി സാൽവിൻ, കലാസംവിധാനം: ദിലീപ് നാഥ്, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: സുനിൽ റഹ്മാൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ബിനു മുരളി.
സിൻഡിക്കേറ്റ് അംഗങ്ങളായ പി.കെ. ഹരികുമാർ, ഡോ. കെ. ഷെറഫുദ്ദീൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി, ഡോ. അജു കെ. നാരായണൻ, ഡോ. ഹരികുമാർ ചങ്ങന്പുഴ എന്നിവരാണ് ചലച്ചിത്രനിർമാണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്.


പ്രാക്ടിക്കൽ

2018 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്‍ട്രോൾ (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ ഏപ്രിൽ 11 വരെ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

ഓഫ് കാന്പസ് പരീക്ഷാ കേന്ദ്രങ്ങൾ

2018 മേയിൽ നടത്തുന്ന ഓഫ് കാന്പസ് പരീക്ഷകൾക്ക് റാന്നി സെന്‍റ് തോമസ് കോളജ്, ചങ്ങനാശേരി സെന്‍റ് ജോസഫ്സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻ, കുമരകം ശ്രീനാരായണ കോളജ്, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജ്, ഏറ്റുമാനൂർ സിഎസ്ഐ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജ്, കളമശേരി സെന്‍റ് പോൾസ് കോളജ്, ഇടക്കൊച്ചി അക്വീനാസ് കോളജ്, കാലടി ശ്രീശങ്കരാ കോളേജ്, അങ്കമാലി സെന്‍റ് ആൻസ് കോളജ്, പത്തനംതിട്ട ചുട്ടിപ്പാറ കോളജ് ഓഫ് ആർട്സ് ആൻഡ് കൊമേഴ്സ് എന്നിവ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

പരീക്ഷാഫലം

2017 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (നോണ്‍ സിഎസ്എസ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (പിജി സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2017 ഒക്ടോബറിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2017 ഒക്ടോബറിൽ നടത്തിയ നാലാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ രണ്ടു വരെ അപേക്ഷിക്കാം.

2017 ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി (പുതിയതും പഴയതും സ്കീമുകൾ), നവംബറിൽ നടത്തിയ രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നു വരെ അപേക്ഷിക്കാം.

സഹകരണ ബാങ്ക് ക്ലാർക്ക് പരീക്ഷാ പരിശീലനം

ബികോം (കോഓപ്പറേഷൻ), ജെഡിസി, എച്ച്ഡിസി യോഗ്യതയുള്ളവർക്കായി നടത്തുന്ന സഹകരണ ബാങ്ക് ജൂനിയർ ക്ലാർക്ക് പരീക്ഷാപരിശീലന ക്ലാസുകൾ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 22 മുതൽ ആരംഭിക്കും. ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് താല്പര്യമുള്ളവർ ബന്ധപ്പെടുക 0481 2731025