കരളിന്റെ ആരോഗ്യത്തിന് ആപ്പിൾ
Wednesday, October 5, 2016 2:59 AM IST
ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കംചെയ്യുന്ന ജോലിയാണ് (ഡീടോക്സിഫിക്കേഷൻ)കരളിനുളളത്. ആപ്പിളിലെ പോഷകങ്ങൾ കരളിന്റെ ജോലിപ്പാടു കുറയ്ക്കുന്നു. ആപ്പിളിലുളള പെക്റ്റിൻ നാരുകളാണ് മാലിന്യങ്ങളെ ശരീരത്തിൽ നിന്നു പുറന്തളളുന്നതിനു സഹായിക്കുന്നത്. ശരീരത്തിലെത്തുന്ന അനാവശ്യ ഘന ലോഹങ്ങൾ, അമിത കൊളസ്ട്രോൾ, മറ്റു വിഷമാലിന്യങ്ങൾ തുടങ്ങിയവയെ കുടലിൽ നടക്കുന്ന ദഹനപ്രവർത്തനത്തിനിടെ പുറന്തളളുന്നതിന് പെക്റ്റിൻ സഹായകം. തത്ഫലമായി കരളിന്റെ വർക്ക്ലോഡ് കുറയുന്നു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. കരളിലെത്തുന്ന മാലിന്യങ്ങളിൽ കുറവുവരുന്നതോടെ തലവേദന, ആമാശയം വീർത്തുവരുന്ന അവസ്‌ഥ, അലർജികൾ, ദഹനക്കേട്, ഇൻസോമ്നിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.

മെഴുകു പുരട്ടിയതും കളറടിച്ചതുമായ ആപ്പിളുകൾ വിപണിയിലുളള കാലമാണല്ലോ ഇത്.
അപ്പോൾ ആപ്പിൾ തൊലിചെത്തി കഴിക്കുന്നതാണ് ആരോഗ്യകരം എന്നു പറയേണ്ടിവരും.

ജൈവരീതിയിൽ വിളയിച്ച ആപ്പിൾ ശുദ്ധമാണ്. ശുദ്ധമായ ആപ്പിൾ കഴുകി വൃത്തിയാക്കിയശേഷം തൊലിയോടെ കടിച്ചു തിന്നുന്നതാണ് ആരോഗ്യകരം. വിപണിയിൽ നിന്നു വാങ്ങുന്ന ആപ്പിൾ പുളിവെള്ളത്തിൽ മുങ്ങിക്കിടക്കും വിധം സൂക്ഷിച്ചശേഷം കഴുകി ഉപയോഗിക്കാം. ആപ്പിളിന്റെ തൊലിയിൽ അടങ്ങിയ quercetin എന്ന ആന്റിഓക്സിഡന്റ് തലച്ചോറിലെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് ക്രമക്കേടുകൾക്കുളള സാധ്യത കുറയ്ക്കുന്നു.

ശരീരഭാരം ആരോഗ്യകരമായ തോതിൽ നിയന്ത്രിതമായി നിലനിർത്തുന്നതിന് ആപ്പിൾ ഗുണപ്രദം. ആപ്പിളിൽ നാരുകൾ ധാരാളം. കലോറി കുറവ്. നാരുകളടങ്ങിയ ഭക്ഷണംകഴിച്ചാൽ വയറു നിറഞ്ഞതായി അനുഭവപ്പെടും, കൊഴുപ്പുകൂടിയ മറ്റു വിഭവങ്ങൾ അമിതമായി കഴിക്കുന്നതു തടയാനുമാകും. കൂടാതെ ആപ്പിളിലുളള പെക്റ്റിൻ ആമാശയത്തിൽ ലയിച്ചുണ്ടാകുന്ന ജെൽ പോലെയുളള വസ്തു ഡയറ്ററി കൊളസ്ട്രോൾ, ഫാറ്റ് എന്നിവയെ കുടുക്കിലാക്കുന്നു.

അങ്ങനെ ശരീരകോശങ്ങൾ വലിച്ചെടുക്കുന്ന കൊഴുപ്പിന്റെ തോതിൽ കുറവുവരുത്തുന്നു. ഇതെല്ലാം ശരീരഭാരം അമിതമായി കൂടുന്നതു തടയുന്നു.

ശരീരഭാരം നിയന്ത്രിതമായാൽ ഹൃദയരോഗങ്ങൾ. സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്‌തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ അകന്നുനില്ക്കും.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്