നമുക്കും നടക്കാം ആരോഗ്യജീവിതത്തിലേക്ക്
Friday, November 4, 2016 5:48 AM IST
ആരോഗ്യം വിലമതിക്കാനാകാത്ത സമ്പത്താണ്. അതുളളവർ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. അവരുടെ ആയുസിന്റെ പുസ്തകം കനമുളളതായിരിക്കും. പക്ഷേ, രോഗങ്ങൾ അകന്നുനില്ക്കണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി സ്വന്തമാക്കണം ജീവിതശൈലി തെറ്റായതു കൊണ്ടുമാത്രം പിടിച്ചുവാങ്ങുന്ന രോഗങ്ങൾ അടുത്തിടെയായി ജീവിതശൈലീരോഗങ്ങൾ എന്നുളള ഓമനപ്പേരിൽ മാധ്യമങ്ങൾ കൊണ്ടാടുന്നുണ്ട്. അമിതവണ്ണം, അമിതഭാരം, ഉയർന്ന കൊളസ്ട്രോൾ, രക്‌താതിസമ്മർദം... എന്നിങ്ങനെ അതിനു പല രൂപഭാവങ്ങൾ.

നടത്തം ഉൾപ്പെടെയുളള വ്യായാമരീതികൾ ശീലമാക്കുന്നത് ആരോഗ്യജീവിതം ഉറപ്പാക്കും. പതിവായി അര മണിക്കൂറെങ്കിലും നടക്കണം. വെറുതേ നടന്നാൽ പോരാ; വേഗത്തിൽ നടക്കണം, നന്നായി വിയർക്കട്ടെ. അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ദഹിക്കുന്നതിന് അതു സഹായകം. രാവിലത്തെ ഇളംവെയിലേറ്റു നടന്നാൽ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ ഉത്പാദനവും സാധ്യമാകും. ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമം പാടുളളൂ. ജിമ്മിൽ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം; ജോഗിംഗ്, സൈക്കിൾ സവാരി, കളികൾ, പൂന്തോട്ട പരിപാലനം എന്നിവയെല്ലാം വ്യായാമത്തിനുളള ഉപാധികൾ തന്നെ. നടത്തം ആർക്കും എപ്പോഴും ചെലവില്ലാതെ സാധ്യമാകും. വ്യായാമം രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നു. ഓക്സിജൻസമ്പന്നമായ രക്‌തം ശരീരത്തിലെമ്പാടും എത്തിക്കുമെന്നതിനാൽ എയ്റോബിക് വ്യായാമവും ഏറെ ഗുണകരം. ഇതു തുടങ്ങുംമുമ്പ് ഫിസിഷ്യന്റെ നിർദേശം തേടാവുന്നതാണ്. വ്യായാമത്തിനിടെ ശ്വാസംമുട്ടൽ, മറ്റ് അസ്വസ്‌ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ഫിസിഷ്യന്റെ സേവനം തേടുക. കാൻസർ, ഹൃദയരോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, സ്ട്രോക്ക്, ഡിമെൻഷ്യ, ഡിപ്രഷൻ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായമെന്നു പഠനങ്ങൾ. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളുടെ വേഗം കുറച്ചു യുവത്വം നിലനിർത്തുന്നതിനും വ്യായാമം സഹായകം.


പച്ചക്കറിത്തോട്ടം രൂപപ്പെടുത്തുന്നതു വഴി വ്യായാമം സാധ്യമാകും; അതിലുപരി മാനസികപിരിമുറുക്കം (സ്ട്രസ്) കുറയ്ക്കാനുള്ള നല്ല ഒരു ഉപായമായും അതു മാറും. പക്ഷേ, ചെടികളോടും പച്ചക്കറികളോടുമുളള സ്നേഹപരിചരണങ്ങൾ ശീലമാക്കണം. സ്ട്രസ് ഒഴിവാക്കിയാൽ ശരീരത്തിന്റെ പ്രതിരോധശക്‌തി മെച്ചപ്പെടും. ഹൃദയാരോഗ്യത്തിനും അതു ഗുണകരം. നടത്തവും സ്ട്രസ് കുറയ്ക്കുന്നതിന് സഹായിക്കും. മനസിനെ ചിന്തകൾ അലട്ടുമ്പോൾ അര മണിക്കൂർ നടന്നുനോക്കൂ. അതു മാനസികപിരിമുറുക്കത്തിന് അയവുവരുത്തും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തിയുളള ആഹാരക്രമം, ദിവസേന എട്ടു മണിക്കൂർ ഉറക്കം.. തുടങ്ങിയവയും സ്ട്രസ് കുറയ്ക്കാനുളള ഉപാധികൾ തന്നെ.

വ്യായാമത്തിനൊപ്പം മതിയായ വിശ്രമവും ആരോഗ്യജീവിതത്തിന് അവശ്യം. ഉറക്കം വിശ്രമത്തിനുളള സ്വാഭാവിക ഉപാധിയാണ്. ഉറക്കക്കുറവ് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം തളർത്തും.
മതിയായ ഉറക്കം സ്ട്രസ് കുറയ്ക്കുമെന്നു പഠനങ്ങൾ. ഓർമശക്‌തി മെച്ചപ്പെടുത്തുന്നതിനും രക്‌തസമ്മർദം, കൊളസ്ട്രോൾ എന്നിവ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും നീർവീക്കം കുറയ്ക്കുന്നതിനും ഡിപ്രഷൻ തടയുന്നതിനും ശരീരഭാരം നിയന്ത്രിതമാക്കുന്നതിനും എട്ടു മണിക്കൂർ വരെ ഉറക്കം അവശ്യമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.