ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്യവാചകം കേട്ടാലും ശ്വാസകോശത്തിലേക്ക് പുക ആഞ്ഞുകടത്തിവിടാന് ചില ആളുകള്‍ക്ക് ഒട്ടും മടിയില്ല എന്നതും വാസ്തവം.
ശ്വാസകോശത്തിന്റെ ആരോഗ്യം മനുഷ്യ ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്. ശ്വാസകോശത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് അതുകൊണ്ടുതന്നെ ഉത്തമമാണ്. ശ്വാസകോശത്തിന് ഗുണമേകുന്നതും ക്ഷീണം ചെയ്യുന്നതുമായ ഭക്ഷണങ്ങള്‍ ഏതെല്ലാം എന്ന് നോക്കാം...
ഉയര്‍ന്ന കലോറി, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. അതേസമയം, ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം ശ്വാസകോശത്തിനും കരുത്തേകും.
കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്
സസ്യ സ്രോതസുകളില്‍ നിന്നുള്ള കൊഴുപ്പുകള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് എളുപ്പത്തില്‍ ശ്വസിക്കാന്‍ നിങ്ങളെ സഹായിക്കും.
നട്ട്സ്, മുട്ട, ഒലിവ് ഓയില്‍, അവോക്കാഡോ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. പ്രോട്ടീനുകള്‍ ശ്വസന കോശങ്ങളെ ശക്തിപ്പെടുത്തുന്നതിനു സഹായകമാണ്. മാംസം, മുട്ട, ബീന്‍സ് എന്നിവ ഈ ഗണത്തില്‍പ്പെടും.
കാര്‍ബോഹൈഡ്രേറ്റുകളില്‍ ദഹനവ്യവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാന്‍ സഹായിക്കും. ധാന്യ അപ്പത്തിലും പാസ്തയിലും കാണപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ശ്വസനത്തിനും സഹായകമാണ്.
ശ്വാസകോശ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍
ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഭക്ഷണങ്ങളാണ് ആപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ, തക്കാളി, ഇലക്കറികള്‍ എന്നിവ. ആപ്പിള്‍ ശ്വാസകോശത്തിന്റെ തകര്‍ച്ച കുറയ്ക്കുമെന്നും പുകവലി മൂലമുണ്ടാകുന്ന ശ്വാസകോശ ക്ഷതം കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആഴ്ചയില്‍ അഞ്ചോ അതിലധികമോ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് ആസ്മയുമായി സാമ്യമുള്ള ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മോണറി (സിഒപിഡി) രോഗം വരാനുള്ള സാധ്യത കുറവാണ്. ബീറ്റ്റൂട്ട്, പച്ചിലകള്‍ എന്നിവ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ശ്വാസകോശത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ശ്വാസകോശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരോട്ടിനോയിഡുകളാല് സമ്പന്നമാണ് മത്തങ്ങ.
അതുപോലെ കരോട്ടിനോയിഡായ ലൈക്കോപീനിന്റെ ഏറ്റവും സമ്പന്നമായ പച്ചക്കറിയാണ് തക്കാളി. കരോട്ടിനോയിഡ്, ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബോക് ചോയ്, ചീര, കാലെ തുടങ്ങിയ ഇലക്കറികള്‍. ശ്വാസകോശ ആരോഗ്യത്തിന് ഇത് ഉത്തമമാണ്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ശ്വാസകോശ സംബന്ധ പ്രശ്നങ്ങള്‍ ഉള്ളവരും ശ്വാസകോശ ആരോഗ്യ സംരക്ഷണം ആഗ്രഹിക്കുന്നവരും ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുയാണ് ആദ്യം ചെയ്യേണ്ടത്. സോഡിയം ദ്രാവകം നിലനിര്‍ത്താന്‍ കാരണമാകുന്നു.
ഇത് ശ്വാസകോശ രോഗമുള്ളവര്‍ക്ക് ശ്വാസതടസമുണ്ടാക്കും. പാലുത്പന്നങ്ങളാണ് പിന്നീട് ഉപേക്ഷിക്കേണ്ടത്. പാലും പാല് ഉത്പന്നങ്ങളും ശരീരം ഉല്പാദിപ്പിക്കുന്ന കഫത്തിന്റെ അളവ് വര്‍ധിപ്പിക്കും.
അതോടെ ചുമ കൂടും. ഇത് സിഒപിഡി രോഗികളില്‍ ശ്വാസംമുട്ടലിനും വേദനയ്ക്കും കാരണമാകും. സ്റ്റോറജില്‍ സൂക്ഷിച്ചിരിക്കുന്ന സംസ്കരിച്ച മാംസവും ശ്വാസകോശ രോഗികള്‍ ഉപേക്ഷിക്കണം.
സോഡ കുടിക്കുന്നത് ശ്വാസകോശ രോഗമുള്ളവര്‍ക്ക് പലവിധത്തില്‍ ദോഷകരമാണ്. സോഡയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും.
ഫ്രഞ്ച് ഫ്രൈസുകള്‍ പോലെ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ശ്വാസകോശ അസ്വസ്ഥതയ്ക്ക് ഇത് കാരണമാകും. വെളുത്ത ബ്രെഡ്, ചോക്ലേറ്റ്, ബിയര്‍ തുടങ്ങിയവയും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു ഗുണകരമല്ല.