ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ
Sunday, January 22, 2017 2:44 AM IST
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങൾ.എന്നാൽ പ്രമേഹത്തിന് അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവർ ഉലുവ കഴിക്കുന്നതു ശീലമാക്കുന്നതിനുമുന്പ് ഡോക്ടറുടെ നിർദേശം തേടണം. മരുന്നും ഉലുവയും ഒന്നുചേർന്നു ശരീരത്തിലെത്തുന്നതോടെ രക്‌തത്തിലെ പഞ്ചസാരയുടെ തോത് അമിതമായി കുറയുന്നതിന് സാധ്യതയുണ്ട്. അതു ഹൈപ്പോ ഗ്ലൈസീമിയയ്ക്ക് ഇടയാക്കും.

ഷുഗർ വരുതിയിലാക്കാം

മരുന്നിനൊപ്പം ഉലുവ കൂടി ശീലമാക്കിയാൽ ഷുഗർനിലയിലെ വ്യതിയാനം എത്രത്തോളമെന്ന് ഇടയ്ക്കിടെ ഷുഗർ പരിശോധിച്ച് കണ്ടെത്താം. ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഉലുവയുടെ അളവും ക്രമവും ഡോക്ടറുടെയും ഡയറ്റീഷൻറെയും നിർദേശാനുസരണം സ്വീകരിക്കാം. രക്‌തത്തിൽ പഞ്ചസാര അമിതമായി കൂടാനും ആവശ്യമായതിൽ കുറയാനും പാടില്ല. നിയന്ത്രിതമായി നിലനിർത്തണം.

ജലത്തിൽ ലയിക്കുന്നതരം നാരുകൾ

ജലത്തിൽ ലയിക്കുന്ന തരം നാരുകൾ ഉലുവയിലുണ്ട്. ആമാശയത്തിൽ നിന്നു രക്‌തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് നാരുകൾ സഹായകം. ഉലുവയിൽ അമിനോ ആസിഡുകൾ ധാരാളം. ഇൻസുലിൻ ഉത്പാദനം കുട്ടുന്നതിന് അമിനോ ആസിഡുകൾ ഗുണപ്രദം. ഉലുവ ചേർത്ത ഭക്ഷണം കഴിച്ചതിനുശേഷം പ്രമേഹബാധിതരുടെ രക്‌തത്തിലെ പഞ്ചസാരയുടെ തോത് ഏറെ കുറഞ്ഞതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്്.

രുചികൂട്ടാൻ ഉലുവ

ഉലുവയ്ക്കു കവർപ്പാണെങ്കിലും വിഭവങ്ങൾക്ക്് അത് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്നു. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിെൻറ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം
ഉലുവ കൂടി ചേർത്തരച്ചാലും കഥ മറ്റൊന്നല്ല. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ ഒന്നുമില്ല.


ഉലുവയിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിന് ഇരുമ്പ് അവശ്യപോഷകമാണെന്ന് അറിയാമല്ലോ. ഉലുവയുടെ ഇലയും കറിക്ക് ഉപയോഗിക്കാറുണ്ട്. ശരീരം രക്‌തത്തിലേക്ക് ഇരുന്പ് വലിച്ചെടുക്കുന്ന പ്രവർത്തനം (ആഗിരണം)മെച്ചപ്പെടുത്തുന്നതിന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത വിഭവങ്ങളും ഒപ്പം കഴിക്കണം. പ്രസവം സുഗമമാക്കുന്നതിന് ഉലുവ ചേർത്ത ഭക്ഷണം സഹായകം. പാലൂട്ടുന്ന സ്ത്രീകൾ ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നത് പാലുത്പാദനം കൂട്ടുന്നതിനു സഹായകം. പ്രായമേറിയ സത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ഉലുവ ഗുണപ്രദം.

നീരുകുറയ്ക്കാൻ ഉലുവ

പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുമ്പ്, പൊട്ടാസ്യം, lysine, Ltryptophan, alkaloids തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആൻറിസെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം. നീരും വേദനയും കുറയ്ക്കുന്നതിന് ഉലുവ സഹായകം. ഉലുവാപ്പൊടി ചെറു ചൂടുവെളളം ചേർത്തു കുഴന്പാക്കിയതു തേനിൽ ചാലിച്ചു മുഖത്തു പുരിയാൽ ചർമത്തിൻറെ തിളക്കം കൂടും. ചർമകോശങ്ങളെ തകർക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറുകൾ ഉലുവയിലുണ്ട്. ചർമകോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും പുതിയ കോശങ്ങൾ രൂപപ്പെടുന്നതിനും ആൻറി ഓക്സിഡൻറുകൾ സഹായകം. ചർമത്തിൽ ചുളിവുകളുണ്ടാകന്നതു തടഞ്ഞ് ചെറുപ്പം നിലനിർത്താനും ഉലുവ ഗുണപ്രദം. സൂര്യപ്രകാശത്തിലെ ദോഷകരമായ റേഡിയേഷനുകളിൽ നിന്നു ചർമം സംരക്ഷിക്കുന്നതിനും ഉലുവ ചേർത്ത ഭക്ഷണം ശീലമാക്കുന്നതു സഹായകം.