മണ്ഡലപൂജ 26ന്
മണ്ഡലപൂജ 26ന്
ശബരിമല: ഈ വർഷത്തെ മണ്ഡലപൂജ 26–ന്. രാവിലെ 11..55–നും ഉച്ചയ്ക്ക് ഒന്നിനും മധ്യേയുള്ള മുഹൂർത്തത്തിലാണ് പൂജ. കളഭാഭിഷേകത്തിനു ശേഷമാണ് പൂജയോടെ പ്രാരംഭ ചടങ്ങുകൾ ആരംഭിക്കുന്നത്. ആറന്മുള പാർഥസാരഥി ക്ഷേത്ര മതിലകത്തുനിന്ന് ആചാരാനുഷ്ഠാനത്തോടെ കൊണ്ടുവരുന്ന തങ്കയങ്കി ചാർത്തി നടക്കുന്ന പൂജയ്ക്ക് ക്ഷേത്രതന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ടി..എം..ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കാർമികത്വം വഹിക്കും. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ശബരിമലയിൽ സമർപ്പിച്ച 420 പവൻ തൂക്കംവരുന്ന തങ്കയങ്കി ആറന്മുള ക്ഷേത്രത്തിലെ സ്റ്റോർ റൂമിലാണ് സൂക്ഷിക്കുന്നത്.

22–നു രാവിലെ ഏഴിന് ശബരിമലയിലേക്ക് തങ്കയങ്കി ഘോഷയാത്ര പുറപ്പെടും. അന്നു വൈകിട്ട് ഓമല്ലൂരിലും 23–ന് കോന്നിയിലും 24–നു പെരിനാട്ടിലും 25–ന് ഉച്ചയ്ക്ക് പമ്പയിലും ഘോഷയാത്ര ക്യാമ്പ് ചെയ്യും. ഉച്ചകഴിഞ്ഞു പമ്പയിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്ര വൈകുന്നേരം 5..30–ന് ശരംകുത്തിയിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ആർ..രവിശങ്കറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥരും അയ്യപ്പസേവാസംഘത്തിന്റെ സന്നദ്ധപ്രവർത്തകരും ചേർന്ന് സ്വീകരിച്ച് പതിനെട്ടാംപടിയുടെ മുകളിലെത്തിക്കും.


ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗങ്ങളായ അജയ് തറയിൽ, കെ. .രാഘവൻ എന്നിവർ ചേർന്ന് തങ്കയങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനു മുന്നിലെത്തിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.

26–നു രാത്രി 10ന് ക്ഷേത്രനട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30–ന് വൈകുന്നേരം അഞ്ചിന് നട വീണ്ടും തുറക്കും. ജനുവരി 14–നാണ് മകരവിളക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.