അന്നദാനം അട്ടിമറിക്കാൻ ഗൂഢനീക്കം
അന്നദാനം അട്ടിമറിക്കാൻ ഗൂഢനീക്കം
ശബരിമല: ശബരിമലയിൽ ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനം അട്ടിമറിക്കാൻ ഗൂഢ നീക്കം. ഒരു പരാതിക്കും ഇടനൽകാതെ ദേവസ്വം ബോർഡ് അന്നദാനം നടത്തുന്നതുകൊണ്ട് സാമ്പത്തികനഷ്‌ടം ഉണ്ടായ ചില വ്യക്‌തികളും ഗ്രൂപ്പുകളുമാണ് അട്ടിമറിക്കു പിന്നിലെന്നു സംശയം. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചതായി അറിയുന്നു. 1800നും രണ്ടായിരത്തിനും ഇടയ്ക്കുള്ള തീർഥാടകർക്കാണ് പുലർച്ചെ ആറു മുതൽ അർധരാത്രി വരെ അന്നദാന മണ്ഡപത്തിൽനിന്നു ആഹാരം കഴിക്കുന്നത്.

ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിൽ ഗുണമേന്മയുള്ള ആഹാരമാണ് വിതരണംചെയ്യുന്നത്. അന്നദാന വഴിപാടിന്റെ പേരിൽ സംസ്‌ഥാനത്തിനകത്തും പുറത്തും വ്യക്‌തികളും സംഘടനകളും നടത്തിയ പിരിവ് ഈ വർഷം മുതൽ ഇല്ലാതായി. ഇതുകൊണ്ടുതന്നെ അന്നദാനം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം.

അന്നദാനമണ്ഡപത്തിൽ ക്യൂ നിൽക്കുന്ന തീർഥാടകരുടെ ഇടയിലേക്ക് സ്വാമിവേഷം ധരിച്ച് ചിലർ കടന്നുകൂടി പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്ന വിവരമാണ് പോലീസിനു കിട്ടിയിരിക്കുന്നത്. അന്നദാനവിതരണം സുഗമമായി നടക്കുന്നില്ലായെന്ന പ്രതീതി ജനിപ്പിക്കുകയും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ശ്രമമെന്നും അറിയുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് ദേവസ്വം ബോർഡ് മാത്രം ഈ സീസണിൽ ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നത്.


പ്രത്യേക യൂണിഫോം ധരിച്ച് ഗ്ലൗസുകളും അണിഞ്ഞ് ശുചിത്വത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ദേവസ്വം ബോർഡ് ജീവനക്കാർ ഉൾപ്പെടെ 400 പേരാണ് അന്നദാന മണ്ഡപത്തിൽ ജോലിചെയ്യുന്നത്. ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടെന്നറിഞ്ഞതിനെത്തുടർന്ന് ജീവനക്കാർക്ക് കടുത്ത ജാഗ്രതാ നിർദേശമാണ് ദേവസ്വം ബോർഡ് നൽകിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തുന്നതാണ് ശബരിമലയിലെ അന്നദാന വിതരണമെന്നും ഇതിനെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലായെന്നും ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ രാഷ്്ട്രദീപികയോടു പറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് കൂടുതൽ മെച്ചപ്പെട്ട സൗകര്യവും അന്നദാനമണ്ഡപത്തിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.