പരാധീനതകൾക്കിടയിലും അന്നമൂട്ടി പോലീസ് മെസ്
പരാധീനതകൾക്കിടയിലും അന്നമൂട്ടി പോലീസ് മെസ്
ശബരിമല: പ്രതിദിനം രണ്ടായിരം പേർക്ക് മൂന്നുനേരം ഭക്ഷണം. അതും വയർ നിറയെ. പരാധീനതകൾക്കിടയിലും പരിഭവങ്ങളില്ലാതെ അയ്യപ്പന്മാർക്ക് അന്നമൂട്ടി താരമാകുകയാണ് പോലീസ് മെസ്. മണ്ഡലകാലത്ത് ഭക്ഷണത്തിന് പ്രതിദിനം രണ്ടായിരം പേരോളം എത്തുമെങ്കിലും മകരവിളക്കുകാലത്ത് ആളെണ്ണം മൂവായിരം കവിയും. ഇഡലി, ദോശ, പുട്ട്, ഉപ്പുമാവ്, ഊണ്, ആറുകൂട്ടം കറികൾ, പഴവർഗങ്ങൾ, പായസം, ഹൽവ, ആഴ്ചയിൽ ഒരിക്കൽ വെജ് ബിരിയാണി, ചപ്പാത്തി, ബെഡ് കോഫി, ഈവനിംഗ് ടീ എല്ലാത്തിനും കൂടി പ്രാതൽ മുതൽ അത്താഴം വരെ ദിനംപ്രതി ചിലവാകുന്നത് ആളൊന്നിന് 70 രൂപ മാത്രം. ഇതാണ് സന്നിധാനത്തെ പോലീസ് മെസ്. ഓഫീസർമാർക്കായി ഇതോടനുബന്ധിച്ച് പ്രത്യേക മെസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ടിടത്തും പാത്രങ്ങളിലെത്തുന്നത് ഒരേ ഭക്ഷണം.

ആഹാരത്തിൽ പോലും തത്വമസി ഭാവം കൊണ്ടുവന്ന പോലീസ് മെസിൽ പക്ഷേ പരാധീനതകളും കുറവല്ല. മുൻകാലത്ത് ദേവസ്വത്തിൽ നിന്നും ചിലവിനുള്ള തുക നൽകിയിരുന്നെങ്കിലും ഇപ്പോൾ സർക്കാർ നേരിട്ടാണ് മെസ് നടത്തുന്നത്. പ്രതിദിനം 400 കിലോ അരി 150 കിലോ പുട്ടുപൊടി ഉൾപ്പെടെ ചെലവാകുന്ന മെസിൽ ഭക്ഷണം തയാറാക്കുന്നത് ഇടുങ്ങിയ മുറിയിലാണ്. പാചകപ്പുരയിൽ നിന്നും ഭക്ഷണം പാത്രങ്ങളിലാക്കി കൊണ്ടുപോകുന്ന ഗതികേടാണ് മറ്റൊന്ന്. ഭക്ഷണശാലയ്ക്കുള്ളിൽ വിളമ്പുന്നതിനായി പ്രത്യേക സൗകര്യം തയാറാക്കിയാൽ ഇതിന് അവസാനമാകും. മറ്റിടങ്ങളിൽ പാത്രം ശുചിയാക്കുന്നതിന് സ്റ്റീമർ സൗകര്യം ഏർപ്പെടുത്തുമ്പോൾ പോലീസ് മെസിനുകൂടി ഇത് പ്രാപ്തമാക്കണം. മെസിലെ ഭക്ഷണത്തിനെത്തുന്നത് 2000 ത്തോളം പേരാണെങ്കിൽ ഇവിടെ സീറ്റിംഗ് കപ്പാസിറ്റി 150 പേർക്ക് മാത്രമാണ്.


മെസ് പുതുക്കിപ്പണിയുമെന്ന് പറഞ്ഞിട്ടുള്ളതിനാൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയാണ് മുന്നോട്ടു പോകുന്നതെന്ന്് അധികൃതർ വ്യക്‌തമാക്കി. സൗകര്യങ്ങളുടെ അപര്യാപ്തത മനസിലാക്കി അധികൃതർ സ്‌ഥലം അനുവദിക്കുമെന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകുകയാണ് മെസ് ജീവനക്കാർ. സംസ്‌ഥാന പോലീസിനൊപ്പം എൻഡിആർഎഫ്, ആർഎഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനകൾക്കും ഭക്ഷണം നൽകുന്ന മെസിൽ 75 ഓളം പോലീസ് കുക്കുകളാണ് ജോലി നോക്കുന്നത്. ആറു ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുള്ള മെസ് ജോലിയിൽ പത്തു ദിവസത്തിൽ ഒരിക്കൽ ഇവർ മാറിക്കൊണ്ടിരിക്കും.

ഡിവൈഎസ്പി മാത്യു തോമസാണ് മെസിന് ചുക്കാൻ പിടിക്കുന്നത്. സിഐ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മാത്യു, രാജ്കുമാർ, തോമസ് എന്നിവരും ഹെഡ് കോൺസ്റ്റബിൾ അനിൽകുമാറും സംഘവുമാണ് മെസ് മുന്നോട്ടു നയിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.