കെഎസ്ആർടിസിയിൽ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ല
കെഎസ്ആർടിസിയിൽ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ല
ശബരിമല: പമ്പയിൽ പ്രാഥമികാവശ്യങ്ങൾക്കും കുടിവെള്ളത്തിനും സൗകര്യമില്ലാതെ അയ്യപ്പഭക്‌തർ. കെഎസ്ആർടിസി ബസിൽ വന്നിറങ്ങുന്ന ഭക്‌തജനങ്ങളാണ് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതെ വലയുന്നത്. കെഎസ്ആർടിസി ജീവനക്കാർക്കായി പരിമിത സൗകര്യങ്ങളുള്ള ശുചിമുറികൾ ഉണ്ടെങ്കിലും ഇവിടെ പൊതുജനങ്ങൾക്ക് ശുചിമുറികളേയില്ല. കുടിവെള്ള വിതരണത്തിനായി സ്‌ഥാപിച്ചിട്ടുള്ള ആർഒ പ്ലാന്റുകളിൽ വെള്ളം ലഭിക്കാതായിട്ട് ദിവസങ്ങൾ പിന്നിട്ടു.

പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി കുപ്പിവെള്ളംകൂടി നിരോധിച്ചതോടെ കുടിവെള്ളത്തിനായി ഭക്‌തരുടെ നെട്ടോട്ടമാണ്. ജലവിതരണ വകുപ്പാണ് പമ്പയിലും വിവിധ ഇടങ്ങളിലും ശുദ്ധീകരിച്ച കുടിവെള്ള വിതരണത്തിനായി ആർഒ പ്ലാന്റുകൾ സ്‌ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളിൽ സ്‌ഥാപിച്ചിട്ടുള്ള ടാങ്കറുകളിൽ നിലയ്ക്കലിൽനിന്നും വെള്ളം ശേഖരിക്കുന്നതാണ് പമ്പയിൽ കുടിവെള്ളം എത്താത്തതെന്നാണ് ആക്ഷേപം. കുടിവെള്ളത്തിനായി കടകളെ ആശ്രയിക്കുന്ന ഭക്‌തരെ കടക്കാർ കൊള്ളയടിക്കുകയാണ്. ഒരു ഗ്ലാസ് വെള്ളത്തിന് 10 രൂപവരെ ചില സ്‌ഥലങ്ങളിൽ ഈടാക്കുന്നുണ്ട്.


പൊതു ശൗചാലയങ്ങൾ ഇല്ലാത്തതാണ് ഭക്‌തരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലെ പമ്പാഗണപതി ക്ഷേത്രത്തിന് സമീപമാണ് ശൗചാലയമുള്ളത്. തിരക്കിനിടയിലൂടെ ഇവിടെ എത്താൻ മണിക്കൂറുകൾ എടുക്കേണ്ടിവരും. വനംവകുപ്പ് സ്‌ഥലം വിട്ടുനൽകാൻ തയാറാകുന്നില്ലെന്നാണ് അധികൃതരുടെ വാദം. എന്നാൽ കഴിഞ്ഞ തീർഥാടനകാലം വരെ ഇവിടെ ഇ ടോയ്ലറ്റുകൾ സ്‌ഥാപിച്ചിരുന്നു. സ്‌ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ ഇടോയ്ലറ്റുകൾ സ്‌ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.