അനസ്തേഷ്യ നൽകാതെ കുരുന്നിന് ശസ്ത്രക്രിയ: വീഡിയോ കണ്ട് വാർത്താ അവതാരകൻ പൊട്ടിക്കരഞ്ഞു
Monday, December 19, 2016 9:35 AM IST
കരളലിയിപ്പിക്കുന്ന വാർത്തകളും നിർവികാരതയോടെ അവതരിപ്പിക്കാൻ വിധിപ്പിക്കപ്പെട്ടവരാണ് മാധ്യപ്രവർത്തകർ. എന്നാൽ ചിലപ്പോൾ അവരുടെ കണ്ഠവുമിടറും, ഒരുവാക്കു പോലും പറയാതെ പൊട്ടിക്കരഞ്ഞു പോകും. അത്തരത്തിലുള്ള ഒരു സംഭവമാണ് തുർക്കിയിലെ ഒരു വാർത്താ ചാനലിൽ നടന്നത്.

ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയിൽ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തിൽ പരിക്കുപറ്റിയ അഞ്ചുവയസുകാരനെ സംബന്ധിച്ച വാർത്തയവതരിപ്പിക്കുകയായിരുന്നു ടർഗയ ഗുലർ എന്ന വാർത്താവതാരകൻ. ആശുപത്രിയിൽ അനസ്തേഷ്യ നൽകാനുള്ള നൽകാനുള്ള സൗകര്യം ഇല്ലാത്തതിനാൽ അനസ്തേഷ്യ നൽകാതെയാണ് അഞ്ചുവയസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശരീരം കീറിമുറിക്കുമ്പോൾ വേദനകൊണ്ട് പുളയുന്ന കുരുന്നിന്റെ വീഡിയോ കണ്ടപാടേ മറ്റ് വിവരണമൊന്നും നൽകാൻ കഴിയാതെ ഗുലർ കുനിഞ്ഞിരുന്നു. അല്പം നേരത്തെ നിശബ്ദതയ്ക്കു ശേഷം പൊട്ടിക്കരയാൻ തുടങ്ങി. ഒടുവിൽ സംയമനം വീണ്ടെടുത്ത് വാർത്ത പൂർത്തീകരിച്ചു.

എന്തായാലും വാർത്തക്കിടയിൽ ഗുലർ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അനസ്തേഷ്യ ലഭ്യമല്ലാതിരുന്നതിനാലാണ് ശരീരം മരവിപ്പിക്കാതെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതെന്നാണ് വിവരങ്ങൾ. വെടിനിർത്തൽ കരാറുകൾ ഇരുഭാഗത്തുനിന്നും ലംഘിക്കുന്നതിനാൽ മരുന്നും ഭക്ഷണവും കുടിവെള്ളവുമൊന്നും അലപ്പോയിലെത്തിക്കാൻ കഴിയാത്ത സ്‌ഥിതിയാണുള്ളത്. ഇതിനെത്തുടർന്ന് വിവിധ മനുഷ്യാവകാശ സംഘടകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തൊക്കെയാണങ്കിലും യുദ്ധം മുലം ദുരിതമനുഭവിക്കുന്ന സിറിയയുടെ നേർക്കാഴ്ചയായി മാറുകയാണ് ഈ വീഡിയോദൃശ്യവും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.