വിളിച്ചാൽ വിളിപ്പുറത്തെത്തും, ഉമ്മയുംതരും; ഈ മീൻ ഹിരോക്കിയുടെ ചങ്ക് ബ്രോ
Monday, January 2, 2017 10:07 AM IST
കഴിഞ്ഞ 25 വർഷമായി ഇഴപിരിയാത്ത സുഹൃത്തുക്കളാണ് ഹിരോക്കി എന്ന ജപ്പാൻ സ്വദേശിയും യോറിക്കോ എന്ന മീനും. മീനോ! അതിശയിക്കേണ്ട മീൻ തന്നെ. ഏഷ്യൻഷീപ്പ് ഷെഡ്വ്രാസ് ഇനത്തിൽപ്പെട്ട ഈ ഭീമൻ മീനിന് യോറിക്കൊ എന്ന പേര് നൽകിയതു പോലും ഹിരോക്കിയാണ്. ജപ്പാനിലെ ടറ്റേയമാ കടൽത്തീരത്തിരത്താണ് ഹിരോക്കിയുടെ താമസം.

വിനോദ സഞ്ചാരികൾക്ക് കടലിന്നടിയിലെ മായക്കാഴ്ചകൾ തുറന്ന് കൊടുക്കുന്ന ഗൈഡായാണ് ഹിരോക്കി ജോലി ചെയ്തിരുന്നത്. വർഷങ്ങൾക്കുമുമ്പ് കടലിന്നടിൽ ഹിരോക്കി സ്കൂബാ ഡൈവിംഗ് നടത്തിയപ്പോഴാണ് ആടിന്റെ മുഖമുള്ള യോറിക്കൊമീനിനെ ആദ്യമായ് കാണുന്നത്. സാധാരണ മനുഷ്യനെ കാണുമ്പോൾ ഓടിയൊളിക്കാറുള്ളവയാണ് മീനുകളുൾപ്പെടെയുള്ള കടൽ ജീവികളെല്ലാം തന്നെ. എന്നാൽ ഈ ഭീമൻ മീൻ തന്നെ കണ്ടപാടെ അരികിലേക്കെത്തുകയാണുണ്ടായതെന്ന് ഹിരോക്കി ഓർക്കുന്നു. പിന്നീട് ഹിരോക്കി കടലിന്നടിയിലെത്തുമ്പോഴെല്ലാം യോറിക്കൊ മീനും കൂടെക്കൂടും.

ലോഹചുറ്റിക ഉപയോഗിച്ച് പ്രത്യേക തരത്തിൽ ശബ്ദം ഉണ്ടാക്കിയാണ് ഹിരോക്കി താൻ കടലിലെത്തിയെന്ന് യോറിക്കൊയെ അറിയിക്കുക. പിന്നെ ഇരുവരും ചേർന്ന് കറങ്ങാൻ പോകും, സെൽഫിയെടുക്കും, ഉമ്മ കൊടുക്കും. കണ്ടുനിൽക്കുന്നവർക്കും ബഹുരസം. ഹിരോക്കിയുടെയും മീനിന്റെയും ഈ അപൂർവ സൗഹൃദം കാണാനായിത്തന്നെ നിരവധി ആളുകൾ ടറ്റേയമാ തീരത്തെത്തുന്നുണ്ട്. താനും തന്റെ മീൻ ചങ്ങാതിയുമൊത്തുള്ള അസുലഭ മുഹൂർത്തങ്ങൾ കാമറയിൽ പകർത്തി ഒരു ഡോക്യുമെന്ററിയായി ഹിരോക്കി ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി വൈറലായതോടെ ഹിരോക്കിയോടൊപ്പം കടലിന്നടിയിൽ നീന്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സഞ്ചാരികളെത്തുന്നത്. ലക്ഷ്യം ഒന്നു മാത്രം ഹിരോക്കിയുടെ മീൻ ചങ്ങാതിയെ ഒന്നു നേരിൽ കാണണം.

വീഡിയോ കാണാം:
https://www.youtube.com/embed/c7sydF21eEc
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.