അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കോളിളക്കം സൃഷ്ടിച്ച മൂന്നു കേസുകളുടെ അന്വേഷണം അനന്തമായി നീളുന്നു. തോട്ടപ്പള്ളിയിൽ നിന്ന് സിപിഎം പ്രവർത്തകൻ കൂടിയായ മത്സ്യത്തൊഴിലാളി സജീവനെ കാണാതായ സംഭവത്തിന്റെയും കരൂരിൽനിന്നു സ്പിരിറ്റ് പിടികൂടിയ കേസിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന തീ പിടിത്തത്തിന്റെയും അന്വേഷണവുമാണ് നിലച്ചത്.
സജീവൻ എവിടെ?
സെപ്റ്റംബർ 29 മുതൽ കാണാതായ സജീവിനെക്കുറിച്ച് അന്വേഷണം ശക്തമായി നടക്കുന്നുവെന്നായിരുന്നു പോലീസ് അവകാശപ്പെട്ടത്.ഇതിനിടെ സജീവന്റെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് പരിഗണിച്ച് സർക്കാരിനും ആഭ്യന്തര വകുപ്പിനും കോടതി നോട്ടീസുമയച്ചിരുന്നു. സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും സജീവനെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.
സ്പിരിറ്റ് കേസ്
ഇതിനിടെയാണ് അമ്പലപ്പുഴ കരൂരിൽനിന്നു സ്പിരിറ്റ് ഉൾപ്പെടെയുള്ളവ പിടികൂടിയത്. സംഭവത്തിൽ ഒന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം നടന്നത്. കാക്കാഴം നാലുപറ ശ്രീജിത്തിനായാണ് അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചത്.
കേസിൽ പിടികൂടിയ രണ്ടാം പ്രതി കരുമാടി ലക്ഷം വീട് കോളനിയിൽ രാഹുൽ റിമാൻഡിലാണ്. കരൂരിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 750 ലിറ്ററോളം സ്പിരിറ്റും മദ്യം നിറക്കാനുപയോഗിച്ചിരുന്ന പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളും വിദേശ മദ്യങ്ങളുടെ പേരുകളുള്ള ലേബലുകളും കണ്ടെത്തിയിരുന്നു.
സ്പിരിറ്റിൽ നിറം ചേർത്ത മദ്യം അമ്പലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ബാറുകളിലും നിരവധി വീടുകളിലും വിൽപ്പന നടത്തിയതായി സംശയിക്കുന്നു. ഇവ കണ്ടെത്തുന്നതിനായി രണ്ട് ബാറുകളിലെയും ഒരു മാസത്തിനിടയ്ക്കുള്ള സിസടിവി ദൃശ്യങ്ങളും ശേഖരിച്ചതായി കേസന്വേഷണച്ചുമതലയുള്ള അമ്പലപ്പുഴ ഡി.വൈ.എസ്.പി: സുരേഷ് കുമാർ പറഞ്ഞു.
രണ്ട് ബാറുകളിലും വ്യാപകമായി ഈ അനധികൃത മദ്യം വിൽപ്പന നടത്തിയതായാണ് സൂചന. ഇവർക്കു സ്പിരിറ്റ് എവിടെനിന്നു ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഒന്നാം പ്രതിയെ പിടികൂടിയാൽ മാത്രമേ ലഭിക്കൂ.
കത്തിയ ഫയലുകളിൽ
അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിൽ പ്രധാനമായ പല കേസുകളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ പ്രധാനപ്പെട്ട ഫയലുകൾ കത്തി നശിപ്പിച്ചതു വിവാദമായിരുന്നു. മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിനുള്ളിൽ പൂട്ടിയിട്ടിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന ഫയലുകളാണ് കത്തിച്ചത്.
അന്വേഷണത്തിൽ പോലീസിനും പഞ്ചായത്തിനും യാതൊരു താൽപര്യവുമില്ലാത്തതിനാൽ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ആലപ്പുഴയിൽ നടന്ന ഇരട്ടക്കൊലപാതകത്തെത്തുടർന്ന് ഇരു പാർട്ടി പ്രവർത്തകരുടെയും വീടുകളിൽ റെയ്ഡ് ഉൾപ്പെടെയുള്ള അന്വേഷണം ഊർജിതമാക്കിയതോടെ അമ്പലപ്പുഴയിലെ വിവാദമായ മൂന്നു കേസുകളുടെ അന്വേഷണങ്ങൾ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ, അതിനു ശേഷവും ഈ കേസിലെ പ്രതികളെ കണ്ടെത്താൻ പോലീസ് മനഃപൂർവം ശ്രമിക്കാത്തതാണെന്ന് നാട്ടുകാരുടെ ആക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.