കോട്ടയം: കോവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ വൻ തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ആർടിപിസിആർ പരിശോധന ചെയ്യാനായി ലാബുകളിലെത്തുന്നവരെ ആന്റിജൻ പരിശോധന നടത്തി കൂടുതൽ തുക ഈടാക്കുന്നതായാണ് ആരോപണം.
ആർടിപിസിആർ പരിശോധന നടത്തുന്പോൾ കിട്ടുന്ന ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ എസ്ആർഎഫ് (സ്പെസിമെൻ റെഫറൽ ഫോറം) ഐഡി രേഖപ്പെടുത്തണമെന്നാണ് ഐസിഎംആർ (ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച്) നിർദേശം.
എസ്ആർഎഫ് ഐഡി ഇല്ല
പല സ്വകാര്യ ലാബുകളിൽ നിന്നും കിട്ടുന്ന പരിശോധനാ ഫലത്തിൽ എസ്ആർഎഫ് ഐഡി രേഖപ്പെടുത്തിയിട്ടില്ല. വിദേശത്തേക്കോ ജോലി സ്ഥലങ്ങളിലേക്കോ മറ്റ് ആശുപത്രികളിൽ ചികിത്സ തേടി പോകുന്പോഴോ ആണ് പലരും എസ്ആർഎഫ്ഐഡിയുടെ കാര്യം അറിയുന്നത് പോലും. കോവിഡ് പരിശോധന നടത്തിയ ശേഷം ലാബിന്റെ പേരിൽ ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുന്നത്.
500 രൂപ മുടക്കി ആർടിപിസിആർ ടെസ്റ്റ് ചെയ്യുന്നവരിൽ പലർക്കും ആന്റിജൻ പരിശോധന നടത്തി സർട്ടഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. എയർപോർട്ടിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പോകുന്പോൾ എസ്ആർഎഫ് ഐഡി ഇല്ലാത്തതിനാൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തേണ്ട സ്ഥിതിയാണ് പലർക്കും.
എസ്ആർഎഫ് ഐഡി ഉണ്ടെങ്കിൽ മാത്രമേ ഒൗദ്യോഗികമായി ഫലപ്രഖ്യാപനം നടത്താൻ കഴിയൂ. ഇതിനുമാത്രമേ അംഗീകാരം ലഭിക്കൂ. ഇതേ നന്പർ മുഖേന ഓണ്‍ലൈനിൽ പരിശോധിച്ചാൽ കൃത്യമായ വിവരം ലഭിക്കും.
പലപ്പോഴും കോവിഡ് പരിശോധനയെന്നാൽ ഫലം നെഗറ്റീവോ അല്ലെങ്കിൽ പോസിറ്റീവ് ആണോ എന്നു മാത്രമേ പരിശോധനയ്ക്കെത്തുന്നവർ ശ്രദ്ധിക്കാറുള്ളൂ. സർട്ടിഫിക്കറ്റുകൾക്ക് ഒൗദ്യോഗിക സ്ഥിരീകരണം കിട്ടാൻ എസ്ആർഎഫ് ഐഡികൾ നിർബന്ധമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.