നാട്ടുകാരുടെ കാശ്! ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​തി​ല്‍ പോപ്പുലറിന്‍റെ 10 ആ​ഡം​ബ​ര കാ​റു​ക​ളും
Saturday, September 18, 2021 1:58 PM IST
കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ക​ണ്ടു​കെ​ട്ടി​യ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളി​ല്‍ പ​ത്ത് ആ​ഡം​ബ​ര കാ​റു​ക​ളും. നാട്ടുകാരിൽ നിന്നു സ്വീകരിച്ച പണവും പണയവുമൊക്കെയാണ് ഇങ്ങനെ ധൂർത്തടിക്കാനും ആഡംബരങ്ങൾക്കു ചെലവഴിക്കാനും വിനയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​പ്പു​ല​ര്‍ ഗ്രൂ​പ്പി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളും ഭൂ​മി​യും പ​ത്ത് ആ​ഡം​ബ​ര കാ​റു​ക​ളു​മു​ള്‍​പ്പെ​ടെ 31 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. കാ​റു​ക​ളു​ടെ മൂ​ല്യം ​മാ​ത്രം ര​ണ്ടു​ കോ​ടി രൂ​പ​യാ​ണ്.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണ​വും ഇ​തി​ല്‍​പ്പെ​ടും. 14 കോ​ടി രൂ​പ​യാ​ണു സ്വ​ര്‍​ണ​ത്തി​ന്‍റെ മ​തി​പ്പു​വി​ല. ബാ​ങ്കി​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളും ചേ​ര്‍​ത്താ​ണു 31 കോ​ടി രൂ​പ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാ​യി​രം കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ പോ​പ്പു​ല​ര്‍ ഗ്രൂ​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. രാ​ജ്യ​ത്താ​ക​മാ​നം 270 ബ്രാ​ഞ്ചു​ക​ളി​ലാ​ണു ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

1600ല​ധി​കം പേ​രി​ല്‍​നി​ന്നാ​യി സ്വ​ര്‍​ണ​വും പ​ണ​വും വാ​ങ്ങി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പും ഇ​ല​ക്‌ട്രോ​ണി​ക് തെ​ളി​വു​ക​ള്‍, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍, നി​ല​വി​ല്‍ കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ വി​വ​രം, മ​റ്റ് ആ​സ്തി​ക​ള്‍ എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ചാ​ണു സു​പ്ര​ധാ​ന ന​ട​പ​ടി ഇ​ഡി കൈ​ക്കൊ​ണ്ട​ത്.

ഓ​ഗ​സ്റ്റ് ഒ​മ്പ​തി​നാ​ണ് പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളാ​യ എം​ഡി തോ​മ​സ് ഡാ​നി​യേ​ലി​നെ​യും മ​ക​ള്‍ റീ​നു മ​റി​യെ​യും ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​ ശേ​ഷം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ഇ​ഡി സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും തെ​ളി​വു​ക​ളും പോ​ലീ​സി​ല്‍​നി​ന്നു ശേ​ഖ​രി​ച്ചി​രു​ന്നു.

ശതകോടികളുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ടു നടന്നതെന്നു കരുതപ്പെടുന്നു. 1760 ബാങ്ക് അക്കൗണ്ടുകൾ വിവിധ പേരുകളിൽ ഉടമകൾ എടുത്തിരുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.