വൈക്കം: ഹോട്ടലിൽനിന്നു പാഴ്സൽ ഓർഡർ ചെയ്തു ഹോട്ടലുടമയെ കബളിപ്പിച്ചു പണം വാങ്ങി കടന്നു കളഞ്ഞ മധ്യവയസ്കൻ എത്തിയ ബുള്ളറ്റിനെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചു. പത്തനംതിട്ട സ്വദേശിയിൽനിന്ന് ഇയാൾ ബുളളറ്റ് വാങ്ങിയെങ്കിലും ഉടമസ്ഥാവകാശം ഇപ്പോഴും മാറ്റിയിട്ടില്ല.
ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഉൗർജിതമാക്കി. വൈക്കം പെരിഞ്ചിലയിലെ ഗ്രീൻ ചില്ലി എന്ന ഹോട്ടലിന്റെ ഉടമ ജിനീഷിൽനിന്നാണ് ബുള്ളറ്റിലെത്തിയ ആൾ 1,500 രൂപ വാങ്ങി കടന്നു കളഞ്ഞത്.
ബുള്ളറ്റിലെത്തിയ ആൾ പാഴ്സൽ കൊണ്ടുപോകാനായി വിളിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവറിൽനിന്ന് ആദ്യം 1500 രൂപവാങ്ങിയിരുന്നു. എന്നിട്ടാണ് ഹോട്ടലിലേക്കു വന്നു ഹോട്ടലുടമയെയും കബളിപ്പിച്ചത്.
ഏതാനും ദിവസങ്ങൾ തുടർച്ചയായി ഹോട്ടലിൽ ബുള്ളറ്റിൽ എത്തി ഹോട്ടൽ ഉടമയും ജീവനക്കാരുമായി ഇയാൾ അടുപ്പമുണ്ടാക്കിയ ശേഷമാണ് ഭക്ഷണം ഒാർഡർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 30 ബിരിയാണി, 20 ചോറ്, 20 ബീഫ് ഫ്രൈ എന്നിവ പാഴ്സലായി ആവശ്യപ്പെട്ടു.
പാഴ്സൽ വേഗം തരാൻ ഇയാൾ ധൃതികൂട്ടി. ഭക്ഷണം കൊണ്ടുപോകാൻ ഓട്ടോറിക്ഷയും പുറത്തുണ്ടായിരുന്നു. ഭക്ഷണത്തിന്റെ ബില്ല് എത്രയാണെന്ന് അന്വേഷിച്ച ഇയാൾ ഒരു അത്യാവശ്യത്തിനെന്നു പറഞ്ഞ് 1,500 രൂപ ഹോട്ടൽ ഉടമയോടു ആവശ്യപ്പെടുകയും ആ തുക കൂടി ചേർത്ത് ഗൂഗിൾ പേ ചെയ്യാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച കട ഉടമ പണം നൽകി. ഒരു സാധനം വാങ്ങാനുണ്ട്, അതുമായി ഉടനെത്താമെന്നു പറഞ്ഞു പുറത്തേക്കു പോയ ഇയാൾ പിന്നീടു മടങ്ങി വന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം ഓർഡർ ചെയ്ത ആളെ അന്വേഷിച്ചു ഓട്ടോക്കാരനും ഹോട്ടലിലെത്തി. ഓട്ടോക്കാരന്റെ കൈയിൽനിന്ന് 1500 രൂപ വാങ്ങിയാണ് ഇയാൾ ഹോട്ടലിലേക്ക് കയറിയതെന്നും അപ്പോഴാണ് ഹോട്ടലുടമയ്ക്കു മനസിലായത്. തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു തിരിച്ചറിഞ്ഞ ഹോട്ടലുടമ ജിനീഷും ഒട്ടോ ഡ്രൈവർ അനിൽ കുമാറും വൈക്കം പോലീസിൽ പരാതി നൽകുകയായരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.