ഭിന്നശേഷിക്കാർക്ക് ഹോർട്ടികൾച്ചർ തെറാപ്പി
Wednesday, June 5, 2019 12:02 AM IST
തൃശൂർ: ഇനിയിവരുടെ ചേതനകളുണരും, വേദനകളമരും. വിഭിന്നശേഷിക്കാരുടെ പുതുതലമുറയിലേക്ക് ഉണർവിന്റെ സന്ദേശവും സന്തോഷവും പകർന്നുനല്കാൻ ജില്ലതോറും പൂങ്കാവനങ്ങളുണ്ടാകും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതിനൊപ്പം അവരുടെ ശാരീരികവും മാനസികവുമായ വികസനവും പദ്ധതി ലക്ഷ്യമിടുന്നു.
ഓട്ടിസം അടക്കമുള്ള രോഗങ്ങൾ ബാധിച്ച കുട്ടികളെ കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച്, കൃഷി ചെയ്യിച്ച് ശാരീരിക, മാനസിക വെല്ലുവിളികളെ അതിജീവിക്കുക എന്നതാണ് തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. വെള്ളായണി കാർഷിക സർവകലാശാല പന്ത്രണ്ടു വർഷമായി നടത്തിയ ഗവേഷണങ്ങളുടെ ശ്രമഫലമായാണ് കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി യാഥാർഥ്യമാകുന്നത്.
എല്ലാ ജില്ലകളിലും ആദ്യഘട്ടത്തിൽ ഓരോ സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക. മണ്ചട്ടി, ഗ്ലാസ് കണ്ടെയ്നർ, ചാക്കുകൾ, തൂക്കുപാത്രങ്ങൾ എന്നിവയിലാണ് സസ്യങ്ങൾ വളർത്തിയെടുക്കുക. ഭിന്നശേഷിയുള്ള കുട്ടികളുടെ നാഡീചലനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്പോഞ്ച് ഉപയോഗിച്ചുള്ള ജലസേചനമാണ് പരിശീലിപ്പിക്കുന്നത്. കുട്ടികൾക്കു വീൽചെയറുകളിൽ തോട്ടത്തിലെത്താം. വെർട്ടിക്കൽ ഗാർഡൻ, കപ്പി വച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന രീതിയിലുള്ള ചെടിച്ചട്ടികളും ഉയരത്തിലുള്ള പൂന്തോട്ട നിർമിതിയും ഇതിൽപ്പെടും.
കാണാൻ ഭംഗിയുള്ള പൂന്തോട്ടം എന്നതിൽ ഉപരിയായി ഭിന്നശേഷി വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ സ്വതന്ത്രമായി പുറത്തെടുക്കുവാനും അവർക്ക് ആസ്വദിക്കുവാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കാൻ ശ്രമിക്കുന്നത്.
അലങ്കാര സസ്യങ്ങൾ, പച്ചക്കറികൾ, ഒൗഷധസസ്യങ്ങൾ തുടങ്ങിയവ കൃഷിചെയ്യും. അതിൽനിന്നും ലഭിക്കുന്ന ഫലങ്ങൾ കുട്ടികൾക്കുതന്നെ നൽകുകയും ചെയ്യും. സംസ്ഥാനത്തെ എട്ടു വിദ്യാലയങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ജോലികൾ അന്തിമഘട്ടത്തിലാണ്. ഹോർട്ടികൾച്ചർ തെറാപ്പി ഉദ്യാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നാളെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.