ഗുണനിലവാരമില്ലാത്ത ഗ്ളൂക്കോമീറ്ററുകൾ രോഗികളെ വലയ്ക്കുന്നു
Wednesday, June 12, 2019 12:55 AM IST
കോഴിക്കോട്: ഗുണനിലവാരമില്ലാത്ത ഗ്ളൂക്കോമീറ്ററുകൾ വിൽക്കുന്ന ലോബി കേരളത്തിൽ വേരുറപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചാണ് പ്രമേഹരോഗികൾ ചികിത്സ തുടരുന്നത്. ലാബുകളിൽ പോയി ഇടയ്ക്കിടെ രക്തപരിശോധന നടത്തുന്നതിലെ ബുദ്ധിമുട്ട് മുതലെടുത്താണ് വീടുകളിൽ ഉപയോഗിക്കാവുന്ന ഗ്ളൂക്കോമീറ്ററുകൾ പ്രചരിച്ചത്. എന്നാൽ ഇത്തരം ഉപകരണങ്ങൾ കൃത്യമായ പരിശോധനാഫലം നൽകാത്തതിനാൽ പ്രമേഹ ചികിത്സ ഫലിക്കാതെ ആളുകൾ മറ്റുരോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
കോഴിക്കോട്ടെ വിപണിയിൽനിന്ന് രണ്ടുമാസം മുൻപ് വാങ്ങിയ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച മുപ്പതുകാരന് രേഖപ്പെടുത്തിയ അളവ് കണ്ട് കടുത്ത മാനസിക സമ്മർദമുണ്ടായത്രെ. അസാധാരണ ക്ഷീണം കണ്ട് വീട്ടുകാരാണ് യുവാവിന്റെ രക്തസാമ്പിൾ പരിശോധിച്ചത്. ഭക്ഷണം കഴിക്കാത്ത അവസ്ഥയിൽ (ഫാസ്റ്റിംഗ്) 90എംജിക്കും 100 എംജിക്കും ഇടയിലുള്ളതാണ് സാധാരണ അളവ്. എന്നാൽ യുവാവിന്റെ രക്തസാമ്പിൾ ഉപയോഗിച്ചപ്പോൾ 53 എംജി എന്നാണ് ഉപകരണം രേഖപ്പെടുത്തിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ താഴ്ന്നതറിഞ്ഞ് വീട്ടുകാർ ആശങ്കയിലായി. കുടുംബ ഡോക്ടറോട് സംസാരിച്ചപ്പോൾ 50 ഗ്രാം ഗ്ലൂക്കോസ് വീതം പത്തുമിനിട്ട് ഇടവിട്ട് രണ്ടുതവണ കൊടുക്കാനും അതിനുശേഷം രക്തം പരിശോധിക്കാനും നിർദേശം ലഭിച്ചു. ഗ്ളൂക്കോസ് കഴിച്ചതിനുശേഷം പരിശോധിച്ചപ്പോൾ 61 എംജി എന്നാണ് രേഖപ്പെടുത്തിയത്. തുടർന്ന് ഡോക്ടറുടെ വീട്ടിലെത്തി രക്തസമ്മർദമടക്കം പരിശോധിച്ചശേഷം രക്തം മെഡിക്കൽ ലാബിൽ പരിശോധിക്കാൻ നിർദേശിച്ചു. ലാബിൽ പരിശോധിച്ചപ്പോൾ 94 എംജി എന്നായിരുന്നു ഫലം. ലാബ് റിപ്പോർട്ട് ലഭിക്കുന്നതുവരെ യുവാവും കുടുംബവും കടുത്ത ആശങ്കയിലായിരുന്നു.
അതേ കമ്പനിയുടെ ഗ്ളൂക്കോമീറ്റർ വാങ്ങിയ കോഴിക്കോട് ചെലപ്രത്തെ വീട്ടമ്മയും വെട്ടിലായി. പ്രമേഹരോഗിയായ ഇവർ ഇടയ്ക്കിടെ ലാബോറട്ടറിയിൽ രക്തപരിശോധന നടത്തുന്നതിന്റെ പ്രയാസം കണക്കിലെടുത്താണ് ഗ്ളൂക്കോമീറ്റർ വാങ്ങിയത്. എപ്പോൾ പരിശോധിച്ചാലും 20 മുതൽ 30 വരെ ഉയർന്ന അളവാണ് ഉപകരണം രേഖപ്പെടുത്തിയത്. ഇതനുസരിച്ച് കഴിക്കുന്ന പ്രമേഹനിയന്ത്രണ മരുന്നിന്റെ അളവ് വർധിപ്പിക്കേണ്ടിവന്നു. അതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വൻതോതിൽ കുറഞ്ഞ് വീട്ടമ്മയ്ക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് ലാബിൽ പരിശോധിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. ലാബിലെ ഫലവും ഉപകരണത്തിലെ ഫലവും തമ്മിൽ വലിയ അന്തരം കണ്ടെത്തി. ബാറ്ററി മാറ്റിവച്ച് പരിശോധിച്ചിട്ടും രേഖപ്പെടുത്തുന്ന അളവിലെ അന്തരം തുടർന്നു. ഇതോടെ വീട്ടമ്മ ഗ്ളൂക്കോമീറ്റർ ഉപയോഗിക്കുന്നത് നിർത്തി.
ദി ഡയബറ്റ്സ് ടെക്നോളജി സൊസൈറ്റി(ഡിറ്റിഎസ്) എന്ന അന്താരാഷ്ട്ര ആധികാരിക സംഘടന ഗ്ളൂക്കോമീറ്ററുകളിൽ നടത്തിയ പരിശോധനാഫലം ഞെട്ടിക്കുന്നതാണ്. അമേരിക്കയിലെ ഏറ്റവും പ്രചാരത്തിലുള്ള 18 ഗ്ളൂക്കോമീറ്ററുകൾ ഉപയോഗിച്ച് രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ 18 എണ്ണത്തിൽ വെറും ആറ് മെഷീനുകൾ മാത്രമാണ് കൃത്യമായ പരിശോധനാഫലം നൽകിയത്. 840 പ്രമേഹരോഗികളടക്കം ആയിരം പേരുടെ രക്തസാമ്പിളുകളാണ് ഡിറ്റിഎസ് പരിശോധനയ്ക്ക് വിധേയമാ ക്കിയത്. മികച്ച ലാബുകളിൽ ഇതേ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ലഭിച്ച ഫലവും ഗ്ളുക്കോമീറ്ററുകളിലെ ഫലവും തമ്മിൽ കുറഞ്ഞത് അഞ്ച് ശതമാനത്തിന്റെ വ്യത്യാസം കണ്ടെത്തി. ഇവയാണ് 18ലെ ആറുമെഷീനുകൾ. ബാക്കി 12 എണ്ണത്തിലും പഞ്ചസാരയുടെ അളവിൽ വൻവ്യതിയാനം രേഖപ്പെടുത്തിയതായി മെഡിക്കൽ ജേർണലുകളിൽ പറയുന്നു.
ഇന്ത്യയിൽ ആയിരക്കണക്കിന് കമ്പനികളുടെ ഗ്ളൂക്കോമീറ്ററുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. ഓൺലൈൻ മുഖേനയും മരുന്നുകടകളിൽ നിന്നുമാണ് ഗ്ളൂക്കോമീറ്ററുകൾ വാങ്ങുന്നത്. ഇന്ത്യയിൽ വിറ്റഴിക്കുന്ന ഗ്ളൂക്കോമീറ്ററുകളിലെ പരിശോധനാഫലം 20 ശതമാനം മുകളിലേക്കാ, 20 ശതമാനം താഴേക്കോ രേഖപ്പെടുത്തുന്നവയാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ രംഗത്തെ വർധിച്ച വിപണിസാധ്യത കണ്ട് നിരവധി ചെറുകിടക്കാർ ഗ്ളൂക്കോമീറ്ററുകൾ വിപണിയിലിറക്കിയിട്ടുണ്ട്.
പഴയ ഗ്ളൂക്കോമീറ്ററുകൾക്ക് എക്സ്ചേഞ്ച് സംവിധാനം നടത്തിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഗുണനിലവാരമുള്ള ഗ്ളൂക്കോമീറ്ററുകൾക്ക് ആയിരം രൂപയ്ക്കുമേൽ വിലയുണ്ട്. എന്നാൽ പഴയ ഉപകരണവും 250 രൂപയും നൽകിയാൽ 25 സ്ട്രിപ്പടക്കം പുതിയ ഗ്ളൂക്കോമീറ്ററുകൾ വിപണിയിൽ ലഭ്യമാണ്. ഗുണനിലവാരം ഇല്ലാത്ത ഇത്തരം ഗ്ളൂക്കോമീറ്ററുകൾ വിറ്റഴിക്കുന്ന ലോബി കേരളത്തിലും വേരൂന്നിയതായാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ് .
ബാബു ചെറിയാൻ