നവകേരളത്തിനു കരുത്തായി കാരിത്താസിന്റെ "അതിജീവൻ’
Saturday, June 29, 2019 1:19 AM IST
കൊച്ചി: പ്രളയാനന്തര പുനർനിർമാണത്തിലും നവകേരള സൃഷ്ടിയിലും നിർണായക സംഭാവനകൾ നൽകി ഭാരതത്തിലെ കത്തോലിക്ക സഭയുടെ സാമൂഹ്യസേവന സംഘടനയായ കാരിത്താസ് ഇന്ത്യ. കാരിത്താസിന്റെ "അതിജീവൻ' പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പതിനാലു ജില്ലകളിലായി 320 കാരിത്താസ് ഗ്രാമങ്ങളാണു പുനർനിർമിക്കപ്പെട്ടത്.
സംസ്ഥാനത്തെ 32 രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളുമായി ചേർന്നാണു മൂന്നു ഘട്ടങ്ങളിലായി കാരിത്താസ് പ്രളയ പുനർനിർമാണ പദ്ധതികൾ നടപ്പാക്കിയത്.
ആദ്യഘട്ടത്തിൽ 55,000 കുടുംബങ്ങളിൽ ഭക്ഷണവും വസ്ത്രവും കുടിവെള്ളവും നൽകി. അടുത്തഘട്ടത്തിൽ 37,500 കുടുംബങ്ങൾക്ക് സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനുമായി വാട്ടർ സാനിട്ടേഷൻ ആൻഡ് ഹൈജിൻ പ്രമോഷൻ കിറ്റുകളും അനുബന്ധ വസ്തുക്കളും നൽകി.
മൂന്നാം ഘട്ടത്തിൽ കേരളത്തിലെ തെരഞ്ഞെടുത്ത 320 ഗ്രാമങ്ങളിലാണു കാരിത്താസ് ഇന്ത്യ പ്രളയ പുനർനിർമാണ പ്രവൃത്തികൾ നടത്തിയത്. 2018 ഡിസംബറിൽ ആരംഭിച്ച പദ്ധതി നാളെ അവസാനിക്കുന്പോൾ കാരിത്താസ് ഗ്രാമങ്ങളിൽ 20 കുടുംബങ്ങൾക്കു പുതിയ വീടുകൾ സാക്ഷാത്കരിക്കപ്പെടും. 1203 വീടുകളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി പറഞ്ഞു.
ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 15 സ്കൂളുകളും 55 അങ്കണവാടികളും നവീകരിച്ചു. വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ എത്തിക്കാനായി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 3536 കുടുംബങ്ങളിൽ വരുമാന വർധക സംരംഭങ്ങളും കാർഷികേതര മേഖലയിൽ 6580 ഗുണഭോക്താക്കൾക്കു വരുമാന വർധക പദ്ധതികളും ആരംഭിക്കാനായി.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പുതിയ 176 ടോയ്ലറ്റുകളും 548 ടോയ്ലറ്റുകളുടെ നവീകരണ പ്രവൃത്തികളും പൂർത്തിയാക്കി. 4589 കുടുംബങ്ങളിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കിറ്റുകൾ നൽകി. കാരിത്താസ് ഗ്രാമങ്ങളിൽ വില്ലേജ് ഡെവലപ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉണർവായി.
പ്രാദേശികാടിസ്ഥാനത്തിലുള്ള വില്ലേജ് ഡെവലപ്മെന്റ് കമ്മിറ്റികളെ ഭാവിയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാനാവുന്ന വില്ലേജ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റികളാക്കി വളർത്തുകയാണ് അതിജീവൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ ലക്ഷ്യമെന്നും ഫാ. മൂഞ്ഞേലി പറഞ്ഞു.
സിജോ പൈനാടത്ത്