മദ്യം കഴിച്ച് ആദിവാസി മരിച്ചു; രണ്ടു പേർ ഗുരുതരാവസ്ഥയിൽ
Saturday, June 29, 2019 1:19 AM IST
താമരശേരി/കോടഞ്ചേരി: മദ്യം കഴിച്ച് ആദിവാസി മരിച്ചു. പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പൻ (68) ആണ് മരിച്ചത്. കഴിക്കാൻ ഒപ്പമുണ്ടായിരുന്ന നാരായണൻ(60), ഗോപാലൻ (50) എന്നിവരെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായിൽനിന്നു നുരയും പതയും വന്ന് അവശനായ നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളായ മൂന്നുപേരും വെള്ളിയാഴ്ച രാത്രി ഏഴോടെ പണി കഴിഞ്ഞ് വരുന്നവഴി ഒരു കുപ്പി ലഭിച്ചെന്നും മൂവരും അത് കഴിച്ചെന്നുമുള്ള വിവരമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ദ്രാവകം കഴിച്ച ഉടനെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കൊളമ്പൻ മരിച്ചു. മറ്റ് രണ്ട് പേരെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.